പേരാമ്പ്ര: ആണുങ്ങൾ കാണികളാകുന്നതിനെതിരേ ചിലർ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. ഈരീതിയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് പഞ്ചായത്തും വാർഡ് മെമ്പറും അറിയിച്ചതോടെ എതിർപ്പുമായി വന്നവർ പകരം ആണുങ്ങളെ ഒഴിവാക്കി പെൺപെരുമ എന്നപേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.
ചങ്ങരോത്ത് പഞ്ചായത്തിൽ എല്ലാ വാർഡിലും കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കൻ പഞ്ചായത്ത് തീരുമാനിച്ചതാണ്. അതുപ്രകാരം ശനിയാഴ്ച ഒന്നാം വാർഡിലും പത്തൊമ്പതാം വാർഡിലും കലോത്സവം നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഒന്നാം വാർഡിൽ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ പരിപാടികളുടെ കാണികളായി ജനപ്രതിനിധികൾ അടക്കം പുരുഷൻമാർ ആരും ഉണ്ടാകരുതെന്ന് ചിലർ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, ഈ രീതിയിൽ വിഭാഗീയമായി പരിപാടി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ഉദ്ഘാടകനാകേണ്ടിയിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വാർഡ് മെമ്പർ കെ.എം അഭിജിത്തും പിന്നിട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെ അറിയിച്ചു. കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളും ഇങ്ങനെ പരിപാടി നടത്താനാകില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പരിപാടി മാറ്റിവെച്ച് മറ്റൊരുദിവസം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സാമൂഹികശാക്തീകരണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെപേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആണുങ്ങളെ വിലക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു. പകരം നടത്തിയ പരിപാടിക്ക് കുടുംബശ്രീയുമായി ഒരു ബന്ധവുമില്ലെന്നും എല്ലായിടത്തും നടത്തുന്ന മാതൃകയിൽ കലോത്സവം പിന്നീട് സംഘടിപ്പിക്കുമെന്നും വാർഡ് മെമ്പർ അഭിജിത്തും സി.ഡി.എസ് ചെയർപേഴ്സൺ പി.പി അനിതയും പറഞ്ഞു.
Post Your Comments