കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വൻതുകയ്ക്ക് ഒറ്റി വാങ്ങി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. ഇരവിപുരം പിണയ്ക്കൽ ഗ്രീൻ വില്ലയിൽ സുൽഫി(51) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇരവിപുരം ചകിരിക്കടയിൽ സക്കീർ ഹുസൈൻ നഗറിലുള്ള വീടാണ് സുൾഫിക്കറും കൂട്ടുപ്രതികളായ റമീസയും ബഷീറും ചേർന്ന് വാടകയ്ക്കെടുത്ത് വടക്കേവിള ഹലാസമൻസിലിൽ ഇഹ്സാനയ്ക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്.
ആദ്യമാസങ്ങളിൽ പ്രതി വാടക യഥാർഥ ഉടമയ്ക്ക് നല്കിയെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വാടക മുടങ്ങി. വാടക അന്വേഷിച്ച് ഉടമ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന്, ഇവർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മുഖ്യപ്രതിയെ പിടികൂടി.
കൊല്ലം എസിപി അഭിലാഷ് എ യുടെ നിർദ്ദേശാനുസരണം ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയേഷ്, സക്കീർ ഹുസൈൻ സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments