Latest NewsKeralaEntertainment

‘സുരേഷ് ഗോപി ചെയ്തു, തിലകൻ കമ്മ്യൂണിസ്റ്റുകാരനായിട്ടും സർക്കാർ ചെയ്യുന്നില്ല, അവഗണന മാത്രം’: വിമർശനവുമായി ഷോബി തിലകൻ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ സര്‍ക്കാരിന് ആയിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ ഷോബി തിലകന്‍ അടക്കമുളളവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് തിലകന് സ്മാരകം എന്നത്. കമ്മ്യൂണിസ്റ്റുകാരൻ കൂടിയായ അച്ഛനെ ഇത്തരത്തിൽ ഇടത് സർക്കാർ അവഗണിക്കുന്നതിനെതിരെ ഷോബി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷോബി തിലകന്റെ പ്രതികരണം.

”തിലകന് സ്മാരകം എന്നത് താന്‍ ഒരുപാടിടത്ത് പറഞ്ഞു. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. തിലകന് സ്മാരകം പണിയാന്‍ വേണ്ടി പത്തനംതിട്ടയിലുളള തിലകന്‍ സ്മാരക വേദി എന്ന സംഘടന റാന്നിയില്‍ ശ്രമങ്ങള്‍ നടത്തുന്നതായി പറഞ്ഞിട്ടുണ്ട്. പക്ഷേ തന്റെ ആഗ്രഹം അതൊന്നുമല്ല. അത് ചെയ്യുന്നവര്‍ ചെയ്‌തോട്ടെ. അച്ഛന്‍ ഒരുപാട് വര്‍ഷം താമസിച്ചിരുന്ന സ്ഥലമാണ് തിരുവനന്തപുരം. തന്റെ ആഗ്രഹം എന്നത് തലസ്ഥാനത്ത് എവിടെയെങ്കിലും ഒരു സ്മാരകം, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരിലൊരു സ്ഥാപനം വേണം എന്നതാണ്”.

മറ്റുളളവര്‍ക്ക് സ്മാരകം പണിതതിലൊന്നും യാതൊരു പരാതിയുമില്ല. അച്ഛന് വേണ്ടി കൂടി ചെയ്യണം എന്നത് മാത്രമേ പറയുന്നുളളൂ എന്നും ഷോബി തിലകന്‍ പറഞ്ഞു.വിമന്‍സ് കോളേജിന് എതിര്‍ വശത്തുളള റോഡ് കലാഭവന്‍ മണിയുടെ പേരിലാണ്. എനിക്ക് ഇഷ്ടമുളള നടനാണ് കലാഭവന്‍ മണി. അതുകൊണ്ട് തന്നെ അതില്‍ സന്തോഷമേ ഉളളൂ. സുഗതകുമാരി മരണപ്പെട്ട് ഒരാഴ്ച കഴിയുമ്പോള്‍ തന്നെ പോലീസ് ക്യാമ്പിന് സമീപത്തെ റോഡിന് സുഗതകുമാരി റോഡ് എന്ന് പേരിട്ടുവെന്നും ഷോബി തിലകന്‍ ചൂണ്ടിക്കാട്ടി.

”അതുപോലെ തന്നെ കെഎസ്എഫ്ഡിസി ചെയര്‍മാനായിരിക്കെ മരണപ്പെട്ട ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മയ്ക്ക് തീയറ്ററിന് ലെനിന്‍ സിനിമാസ് എന്ന് പേരിട്ടു. അതുപോലെ എംജി രാധാകൃഷ്ണന്‍ റോഡുണ്ട്. അങ്ങനെ ഒരു വിധത്തിലുളള എല്ലാവരുടെ കാര്യത്തിലും അടിയന്തരമായി തന്നെ അത് ചെയ്തിട്ടുണ്ട്. അച്ഛന്റെ പേരില്‍ ആകെ ഉളളത്, കിരീടം പാലം അച്ഛന്റെ സ്മാരകമാക്കാന്‍ അവിടുത്തെ പൗരസമിതി തീരുമാനിച്ചിട്ടുണ്ട്”. ”കിരീടം പാലത്തിന് സമീപത്തുളള റോഡിന് പത്മശ്രീ തിലകന്‍ റോഡ് എന്ന് പേരിട്ടിട്ടുണ്ട്. അതിന് കാരണം ആ പഞ്ചായത്ത് സുരേഷ് ഗോപി എന്ന അതുല്യനായ നടന്‍ കിരീടം പാലം ഉളള കല്ലൂര്‍ പഞ്ചായത്തിനെ ദത്തെടുത്തിരിക്കുകയാണ്.

അദ്ദേഹമാണ് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. സുരേഷ് ഗോപി എന്ന ആ വ്യക്തിക്ക് അച്ഛനുമായുളള ബന്ധം ഭയങ്കരമാണ്”. സുരേഷ് ഗോപിക്ക് അദ്ദേഹം സ്വന്തം അച്ഛനെ പോലെയാണ് എന്നും ഷോബി തിലകന്‍ പറഞ്ഞു. ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനൊരു കാര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ സുരേഷ് ഗോപി കാണാന്‍ വന്നിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്നും ഇന്നും ഭയങ്കര സ്‌നേഹമാണ്. അച്ഛനെ അത്രയ്ക്ക് സ്‌നേഹമായത് കൊണ്ടാണ് ആ റോഡിന് പേരിട്ടത്. പക്ഷേ തനിക്ക് വേണ്ടത് അതല്ല. സര്‍ക്കാരാണ് സ്മാരകം നിര്‍മ്മിക്കേണ്ടത്”.

”രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നടനാണ് തിലകന്‍. സര്‍ക്കാര്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിച്ച് ഒരു സ്മാരകം നിര്‍മ്മിക്കണം. പ്രേം നസീറിന് ഒരു സ്മാരകം തീര്‍ക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് ഇവിടുത്തെ ഒരു മന്ത്രിക്ക് പറയേണ്ടി വന്നത് പോലെ പിന്നീട് പറയാന്‍ അവസരമുണ്ടാകരുത്. അതിന് മുന്‍പ് വേണം. താനോ വീട്ടുകാരോ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യമല്ല അത്”. ”ഇനി നിയമപരമായി സര്‍ക്കാര്‍ അത്തരമൊരു സ്മാരകം നിര്‍മ്മിക്കണം എങ്കില്‍ കുടുംബക്കാര്‍ അപേക്ഷ നല്‍കണം എന്നാണെങ്കില്‍ താന്‍ ചെയ്യാം. പക്ഷേ മറ്റുളളവരൊക്കെ അപേക്ഷ കൊടുത്തിട്ടാണ് ചെയ്തത് എന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ അറിഞ്ഞ് ചെയ്യേണ്ടതാണ് അത്.

ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരാണ്. അച്ഛന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുളള ആളാണ്”. പൊന്നരിവാളമ്പിളിയും ബലികുടീരങ്ങളേയും ഒരു പാട് പാടി പാര്‍ട്ടി യോഗങ്ങള്‍ക്ക് ആളെ കൂട്ടിയ മുണ്ടക്കയം തിലകനാണ് നിങ്ങള്‍ ഇപ്പോള്‍ അറിയുന്ന പത്മശ്രീ തിലകന്‍. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ആളാണ്. അതുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യമാണ് അദ്ദേഹത്തിനുളള സ്മാരകം. എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നും ഷോബി തിലകന്‍ പറഞ്ഞു”.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button