പാലക്കാട്: കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് നാട്ടുകാരെ നടുക്കി ആനയെത്തിയത്. ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ അഫ്സലിനു വീണു പരുക്കേൽക്കുകയായിരുന്നു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു.
Read Also : കൊളുന്തു നുള്ളുന്നതിനിടെ തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ കരടിയുടെ ആക്രമണം : രണ്ടുപേർക്ക് പരിക്ക്
കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നിൽക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാൽ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതോടെയാണ് ഹംസ രക്ഷപ്പെട്ടു. ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി.
പരുക്കേറ്റവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ ആശുപത്രിയിലെത്തി. പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
Post Your Comments