തിരുവനന്തപുരം: ശബരി വെളിച്ചെണ്ണയിൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയെന്നും വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും കോർപ്പറേഷൻ വിശദീകരിച്ചു.
നവംബർ 25 ന് കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സിഎഫ്ആർഡി ലാബിൽ നടത്തിയ പരിശോധനയിലാണ് ശബരി വെളിച്ചെണ്ണയിൽ ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ കണ്ടെത്തിയത്. എഡിബിൾ കമ്പനി, സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലാണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന്, ഇതേ ബാച്ചിൽ പെട്ട ശബരി അഗ്മാർക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കുന്നതിനായി സപ്ലൈകോ നിർദ്ദേശം നൽകുകയായിരുന്നു. റോയൽ എഡിബിൾ കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്മേൽ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിട്ടുണ്ട്.
സ്റ്റോക്കിൽ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകളും അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജർമാർക്കും നിർദ്ദേശം നൽകിയതായും കോർപ്പറേഷൻ വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസിന് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ ചെയർമാൻ അറിയിച്ചു.
Post Your Comments