മാവേലിക്കര : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ സപ്ലൈകോ ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. റേഷന്‍ കുത്തരിയും ഗോതമ്പുമാണ് ഇവര്‍ മോഷ്ടിച്ച് കടത്തിയത്. 40 ചാക്ക് അരിയും 20 ചാക്ക് ഗോതമ്പുമാണ് ഇവര്‍ കടത്തിയത്. ഇത് കടത്താനുപയോഗിച്ച ലോറിയും ടെമ്പോ വാനും പോലീസ് പിടിച്ചെടുത്തു.
Read Also: ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടിയാല്‍ 3 ലക്ഷം രൂപ ധനസഹായം
തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ്-രണ്ട്) നെടുമങ്ങാട് സ്വദേശി രാജു (52), വാതില്‍പ്പടി റേഷന്‍വിതരണം നടത്തുന്ന സന്തോഷ് വര്‍ഗീസ് (61), ചെറിയനാട് സ്വദേശി ജോസഫ് സുകു (61), മിനിലോറി ഡ്രൈവര്‍ വിഖില്‍ (26) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടാരമ്പലത്തിലെ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്ക് കൊണ്ടുപോയത്. സംഭരണ കേന്ദ്രത്തിന്റെ ചുമതലക്കാരന്‍ പുറത്തുപോയ സമയത്തായിരുന്നു ഇത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് മനസിലാക്കിയ പ്രതികള്‍ ഭക്ഷ്യസാധനങ്ങള്‍ മറ്റ് റേഷന്‍കടകളില്‍ എത്തിക്കുകയായിരുന്നു. കടക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചതോടെ ബില്ല് അടുത്ത ദിവസം എത്തിക്കാമെന്ന് ഇവര്‍ പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചതോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കടകളില്‍ നിന്ന് അരിയും ഗോതമ്പും കണ്ടെടുത്തു. ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചതിനും ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു.
Post Your Comments