‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’

തിരുവനന്തപുരം: അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗതം അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കു പിണറായി സര്‍ക്കാര്‍ എത്തിയെന്നും സതീശൻ ആരോപിച്ചു.

വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണെന്നും ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത പോലീസ് സിപിഎമ്മിന്റെ സമരം നടത്തിയ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോയെന്നും പ്രസ്താവനയിലൂടെ ചോദിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‘സമരത്തെ വര്‍ഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സിപിഎമ്മും തുടക്കം മുതല്‍ക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. സഖ്യത്തിലേര്‍പ്പെട്ട രണ്ടു കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ ഈ സഖ്യത്തിനു ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു,’ സതീശൻ വ്യക്തമാക്കി.

ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിനു യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ച പിന്തുണ ഇനിയും തുടരും. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്,’ സതീശൻ പറഞ്ഞു.

Share
Leave a Comment