തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ശനിയാഴ്ച ഉണ്ടായ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തു. തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ 9 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Read Also: വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു : ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
ലത്തീന്‍ അതിരൂപത മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ, പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്.
Post Your Comments