Latest NewsKeralaNews

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികൾക്ക് ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്ത ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുതിർന്നവർക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാൽ കുട്ടികളുടെ ഭാവി കൂടി മുന്നിൽ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ നൽകണമെന്ന് മന്ത്രി പറഞ്ഞു.

Read Also: ഫുട്‌ബോൾ ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ യുക്തി ദുരൂഹം

കൂടുതൽ വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഫുട്‌ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കണം. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കണം. വിദ്യാലയങ്ങൾ, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വിദ്യാലയ സന്ദർശനവും ചർച്ചകളും നടത്തണം. പിടിഎകളെ കൂടി ഇതിൽ ഉൾപ്പെടുത്തണം.

കോളേജുകളിൽ കരിയർ ഡെവലപ്‌മെന്റ് പരിപാടികൾ, ജീവനക്കാരെ ഉൾപ്പെടുത്തി ജാഗ്രത സദസുകൾ, സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസുകൾ നടത്തണം. ഇതിനായി ആയുഷ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി.

ട്രൈബൽ, അതിഥി തൊഴിലാളി, തീരദേശ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ, അവബോധ പരിപാടികൾ എന്നിവ നടത്തണം. സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ഡോർമെട്രികൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മെഡിക്കൽ സ്റ്റോറുകൾ, ആയുർവേദ ഔഷധ ശാലകൾ, മരുന്ന് നിർമ്മാണ യൂണിറ്റുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തണം. മിത്ര 181 കൂടുതൽ ശക്തിപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി.

ഒന്നാംഘട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, ആയുഷ്, വനിത ശിശു വികസന വകുപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് അധ്യക്ഷന്മാർ, സ്ഥാപന മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: ഫുട്‌ബോൾ ‘ധൂര്‍ത്ത്’ അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന ‘ധൂര്‍ത്ത്’ ന്യായവുമാകുന്നതിലെ യുക്തി ദുരൂഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button