ലുസൈല്‍: ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ തകർത്തത്. റിച്ചാര്‍ലിസണാണ് ബ്രസീലിനായി രണ്ട് ഗോളും നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു.
ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റില്‍ ഫലമുണ്ടായി. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക്. ബോക്‌സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍, റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി.
10 മിനിറ്റുകള്‍ക്ക് ശേഷം റിച്ചാര്‍ലിസണ്‍ ബ്രസീലിനായി വീണ്ടും ലീഡ് നേടി. വിനിഷ്യസിന്റെ പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ ഒരു ആക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി. 81-ാം മിനിറ്റില്‍ കസമിറോയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.
അതേസമയം, ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഉറുഗ്വെയായിരുന്നു. എന്നാല്‍, ഗോളൊന്നും പിറന്നുമില്ല. മാത്രമല്ല, സൂപ്പര്‍ താരം ലൂയിസ് സുവാരസിന് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments