കൊച്ചി: എറണാകുളത്ത് നടന്നുവരുന്ന നോർക്ക യു കെ കരിയർ ഫെയർ നവംബർ 25 ന് സമാപിക്കും. സൈക്യാട്രി സ്പെഷാലിറ്റി ഡോക്ടർമാർ, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നിങ്ങനെ 13 മേഖലകളിൽ നിന്നുളളവർക്കാണ് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ബ്രിട്ടനിൽ നിന്നുളള ഇന്റർവ്യൂ പാനലിസ്റ്റുകളുടേയും യുകെ എൻഎച്ച്എസ് നിരീക്ഷകരുടേയും, നോർക്ക റൂട്ട്‌സ് പ്രതിനിധികളുടെയും മേൽനോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുന്നത്. യുണൈറ്റഡ് കിംങ്ഡമിൽ (യു.കെ) എൻ. എച്ച്. എസ്സ് (നാഷണൽ ഹെൽത്ത് സർവ്വീസ് ) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിൽ ഒന്നായ Humber and North Yorkshire Health & Care Partnership, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുടെ ഭാഗമായ പതിനൊന്ന് തൊഴിൽ ദാതാക്കളാണ് കരിയർ ഫെയറിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഇന്നലെ നടന്ന അഭിമുഖത്തിൽ സോഷ്യൽ വർക്കേഴ്‌സ്, നഴ്‌സ്, ഡയറ്റീഷ്യൻ, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്‌സ് എന്നീ മേഖലയിൽ നിന്നായി 285-ഓളം പേർ അഭിമുഖത്തിനെത്തി.
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് / മെന്റൽ നഴ്‌സ്,
ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി നവംബർ 24 ന് നടക്കുന്ന അഭിമുഖത്തിൽ 148 പേർ പങ്കെടുക്കും.
അവസാന ദിവസമായ വെളളിയാഴ്ച ജനറൽ / മെന്റൽ ഹെൽത്ത് നഴ്‌സ്, ഫാർമസിസ്റ്റ്, സീനിയർ കെയറർ എന്നിവർക്കായാണ് റിക്രൂട്ട്മെന്റ്.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന യുകെ കരിയർ ഫെയർ നവംബർ 21 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള സംഘത്തിന്റെ ലണ്ടൻ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ലണ്ടനിലാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് കരാർ ഒപ്പുവച്ചത്.
കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നും, ഇതരമേഖലകളിൽ നിന്നുമുളള പ്രൊഫഷണലുകൾക്ക് സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് കരാർ.
നോർക്ക റൂട്ട്സ് സി.ഇ.ഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ശ്യാം.ടി.കെ, നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ്, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക്ക് കൾച്ചറൽ ആന്റ് വർക്ക് ഫോഴ്സ് ലീഡ് കാത്തി മാർഷൽ, യു.കെ എൻ.എച്ച്.എസ്സ് പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്.
Read Also: ജീവനക്കാർക്ക് യൂണിയൻ നിർമ്മിക്കാൻ അവസരവുമായി ഈ ഇന്ത്യൻ ഐടി കമ്പനി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Post Your Comments