മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പേസര്‍മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് ബിസിസിഐയുടെ നിര്‍ണായക നീക്കം. മതിയായ വിശ്രമം ഇരു താരങ്ങള്‍ക്കും ലഭിക്കാനാണ് ഈ തീരുമാനം. ഷമിയുടെ വിരലിലെ പരിക്കിന്‍റെ ആശങ്ക പരിഹരിക്കേണ്ടതുമുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ ആദ്യ ഏകദിനം 12 റണ്‍സിനും റായ്‌പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. അതിനാല്‍ മൂന്നാം ഏകദിനത്തിലെ മത്സര ഫലം നിര്‍ണായകമല്ല. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇരുവരെയും അനിവാര്യമാണെന്ന് റായ്‌പൂരിലെ രണ്ടാം ഏകദിനത്തിന് ശേഷം രോഹിത് ശര്‍മ്മ വ്യക്തമാക്കി.
ഇതോടെ ഇരുതാരങ്ങൾക്കും ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചേക്കും. പകരം യുവ പേസര്‍ ഉമ്രാന്‍ മാലിക്കും വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌ബാസ് അഹമ്മദും കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ ആരംഭിക്കും.
Post Your Comments