പാലക്കാട്: സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കുമെന്നും കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ ആണ് കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റിൽ വെച്ച 98 ശതമാനം തുകയും നൽകി കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. കടയടച്ചിടേണ്ട സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വ്യാപാരി സംയുക്ത സമരസമിതി സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുവരെയും നൽകാത്ത ഒക്ടോബറിലെ കമ്മീഷൻ തുക 49 ശതമാനം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് റേഷൻ കടയുടമകളെ പ്രതിസന്ധിയിലാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശനിയാഴ്ച മുതൽ റേഷൻകടകൾ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments