ഡല്‍ഹി: ഫിഫ ലോകകപ്പിനിടെ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി. സര്‍ക്കാര്‍, ഫുട്ബോള്‍ അസോസിയേഷനുകള്‍, കളി കാണാന്‍ ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ എന്നിവരോട് ലോകകപ്പ് ബഹിഷ്കരിക്കാന്‍ ബിജെപി വക്താവ് സാവിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു. ലോകം ഭീകരതയ്ക്കെതിരെ പോരാടുമ്പോള്‍ സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നത് ഭീകരതയെ പിന്തുണയ്ക്കുന്നയാള്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം നല്‍കുന്നതിന് സമമാണെന്ന് സാവിയോ റോഡ്രിഗസ് പ്രസ്താവനയില്‍ പറഞ്ഞു.
‘കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് രാജ്യം വിട്ട സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണം നടത്താനാണ് ഖത്തര്‍ ക്ഷണിച്ചത്. ലോകകപ്പ് ഒരു ആഗോള പരിപാടിയാണ്. ലോകമൊട്ടാകെയുള്ള ജനങ്ങള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവ വഴി ഈ കായിക മാമാങ്കം കണ്ടുവരികയാണ്. ലോകം ആഗോള ഭീകരതയ്ക്കെതിരെ പോരാടുന്ന വേളയിലാണ് സാക്കിര്‍ നായിക്കിന് വിദ്വേഷവും മതമൗലികവാദവും പ്രചരിപ്പിക്കുന്നതിന് വേദി അനുവദിച്ചത്,’ സാവിയോ റോഡ്രിഗസ് കുറ്റപ്പെടുത്തി.
ഭീകരതയെ പിന്തുണയ്ക്കുന്നയാളാണ് സാക്കിര്‍ നായിക്ക്. വാസ്തവത്തില്‍ ഭീകരന് താഴെയല്ല സാക്കിര്‍ നായിക്ക്. ഇന്ത്യന്‍ നിയമം അനുസരിച്ച് സാക്കിര്‍ നായിക്ക് പിടികിട്ടാപ്പുള്ളിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രചാരണം എന്നിവയില്‍ ഇയാള്‍ക്കെതിരെ രാജ്യത്ത് കേസുണ്ട്. ബിന്‍ ലാദനെ വരെ പ്രത്യക്ഷമായി പിന്തുണച്ചയാളാണ്. ഇന്ത്യയില്‍ ഇസ്ലാമിക മതമൗലികവാദവും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്ക് പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments