പത്തനംതിട്ട: ശബരിമലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസിനു നൽകിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് അറിയിച്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നിലപാടിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. സുപ്രീം കോടതി വിധി മാനിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമെന്ന് പറഞ്ഞ ബിന്ദു അമ്മിണി അത് പിൻവലിച്ചത് ചരിത്രപരമായ അനീതിയാണെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു. ശക്തമായി പ്രതിക്ഷേധിക്കുന്നുവെന്നും ഇവർ അറിയിച്ചു.
ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസിന് നൽകിയ കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം ഉണ്ടായിരുന്നത്. പിന്നാലെ എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചത്. ശബരിമലയിൽ എല്ലാവരെയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. വിവാദ പരാമർശം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാർ പറഞ്ഞു. വീഴ്ച വന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാര്‍ക്ക് സർക്കാർ നൽകിയ പൊതു നിര്‍ദ്ദേശങ്ങളിൽ വിവാദപരമായ നിർദ്ദേശം ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പൊലീസിന് സർക്കാർ വിതരണം ചെയ്ത പുസ്തകത്തിലെ ആദ്യത്തെ നിർദ്ദേശത്തിനെതിരെയാണ് കെ സുരേന്ദ്രൻ രംഗത്ത് വന്നത്. സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്നാണ് പുസ്തകത്തിലെ ആദ്യ നിർദ്ദേശം. ഇത് ദുരുദ്ദേശപരമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments