Latest NewsIndia

‘സവർക്കറോട് ശിവസേനയ്ക്ക് എന്നും ബഹുമാനം, രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നില്ല’: ഉദ്ധവ് താക്കറേ

മുംബൈ: വി ഡി സവർക്കർക്കെതിരായ തന്റെ പരാമർശത്തിൽ രാഹുൽ ​ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടെ അദ്ദേഹത്തെ തള്ളി കോൺ​ഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. “രാഹുൽ ​ഗാന്ധി പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങൾ ഞങ്ങളുടെ സഖ്യത്തെ ചോദ്യം ചെയ്യുകയാണെങ്കിൽ എനിക്ക് ചോദിക്കാനുള്ളത് ബിജെപി എന്തുകൊണ്ടാണ് പിഡിപിയുമായി സഖ്യം ചേർന്നിരിക്കുന്നത് എന്നാണ്. പിഡിപി ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ലല്ലോ. ഞങ്ങൾ കോൺ​ഗ്രസുമായി സഖ്യത്തിലായത് ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താനാണ്”. ഉദ്ധവ് താക്കറേ പറഞ്ഞു.

2019ലാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഉദ്ധവ് താക്കറേയുടെ ശിവസേന കോൺ​ഗ്രസും എൻസിപിയുമായി ചേർന്ന് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാ​ഗമായത്. നേരത്തെ മഹാരാഷ്ട്രയിൽ വാർത്താസമ്മേളനത്തിനിടെയാണ് രാഹുൽ ​ഗാന്ധി സവർക്കർക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവർക്കർ എഴുതിയ കത്തിന്റെ പകർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. സവർക്കർ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തിൽ ഒപ്പുവെക്കുമ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. എന്താണ് കാരണം. അത് ഭയമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ ഭയമായിരുന്നു. രാഹുൽ പറഞ്ഞു. സവർക്കറെക്കുറിച്ച് എന്റെ അഭിപ്രായമാണിത്. മഹാത്മാ​ഗാന്ധി, ജവഹർലാൽ നെഹ്റു, സർ​ദാർ വല്ലഭായി പട്ടേൽ തുടങ്ങിയവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുൽ പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ രാഹുൽ നടത്തിയെന്നാണ് പരാതി. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെയാണ് സവർക്കറുടെ കൊച്ചുമകൻ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സമാന പരാമർശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്ന് രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button