വെഞ്ഞാറമൂട്: കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. 1200 ഗ്രാം കഞ്ചാവ്, ആറ് ചെറിയ ബോട്ടിൽ ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, ആറ് നാടൻ ബോംബ്, കാട്ടുപന്നിയുടെ തലയോട്ടി, നെയ്യ്, പെരുമ്പാമ്പിന്റെ നെയ്യ്, നാലു ലക്ഷത്തോളം രൂപ എന്നിവ പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി തവണ ലഹരി കടത്ത് കേസിൽ പിടിക്കപ്പെട്ടയാളാണ് ദിലീപെന്ന് പൊലീസ് പറഞ്ഞു.
Read Also : ഏറ്റവും പുതിയ അഞ്ച് പ്രീപേയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് തന്നെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാളിലൂടെ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. തെലുങ്കാനയിൽ വിതരണം ചെയ്യുന്ന സർക്കാർ റേഷൻ അരി 11 ചാക്കോളം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കഞ്ചാവും മറ്റു മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടിയാണ് ദിലീപ് റേഷൻ അരിയും കടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ല(32) യെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടിൽ ചില്ലറ വിപണനം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയിൽ പത്തോളം നായ്ക്കളെയാണ് വളർത്തിയിരുന്നത്.
“യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരം റൂറൽ എസ്പി ഡാൻസാഫ് ടീം ഡിവൈഎസ്പി രാസിത്തിനു കൈമാറുകയും തുടർന്ന്, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ്, സബ് ഇൻസ്പെക്ടർമാരായ മനോജ്, ശശിധരൻ നായർ, ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർമാരായ ബിജുഹക്ക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments