KeralaLatest NewsNews

സഹകരണ മേഖലയില്‍ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍

പാലക്കാട്: കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമജ്ഞരും പ്രമുഖ സഹകാരികളുമായി ആലോചിച്ച് കരട് നിയമം നിയമവകുപ്പിന് കൈമാറിക്കഴിഞ്ഞു. ക്യാബിനറ്റില്‍ വന്ന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും പ്രസ്തുത കരട് നിയമം സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ലക്ഷ്യം കൂടിയുണ്ട്.

ഓരോന്നോ രണ്ടോ മൂന്നോ ജില്ലകളൊ കേന്ദ്രീകരിച്ച് സഹകാരികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം നിയമജ്ഞരുമായി ആലോചിച്ച് വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് കുറ്റമറ്റ നിയമം സഹകരണ മേഖലക്കായി പാസാക്കുമെന്ന് മന്ത്രി അറിയിച്ചു.

1904 ലാണ് ഇന്ത്യയില്‍ ആദ്യമായി സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിയമമുണ്ടായത്. പിന്നീട്  വിവിധ സന്ദര്‍ഭങ്ങളില്‍ സഹകരണ മേഖലയില്‍ നിയമപരിഷ്‌കാരങ്ങള്‍ ഉണ്ടായി. 1969 ലെ നിയമപരിഷ്‌കാരങ്ങളാണ് ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നത്. അതിനുശേഷം പല ഘട്ടങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും സഹകരണ പ്രസ്ഥാനത്തിലെ തുടക്ക കാലഘട്ടത്തില്‍ തുടങ്ങിയ ചില നിയമപരിഷ്‌കാരങ്ങളാണ് ഇന്നും സഹകരണ മേഖലയെ മുന്നോട്ട് നയിക്കുന്നത്.

ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ സമയോചിതവും സന്ദര്‍ഭോചിതവുമായി പരിഹരിക്കാന്‍ കഴിയാത്ത ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില ബാങ്കുകളില്‍ പത്തോ ഇരുപതോ കോടി നിക്ഷേപം ഉണ്ടായിരുന്ന കാലഘട്ടങ്ങളില്‍ തുടങ്ങിവച്ച നിയമപരിഷ്‌കാരങ്ങള്‍ ഇന്ന് 1600 കോടി നിക്ഷേപമുള്ള പ്രൈമറി സംഘങ്ങളുള്ള സന്ദര്‍ഭത്തില്‍ തികച്ചും അപര്യാപ്തമാണെന്ന് നമുക്കറിയാം. നോണ്‍ ക്രെഡിറ്റ് മേഖലയിലെ സംഘങ്ങളുടെ വൈവിധ്യവത്കരണത്തിന് പുറമെ വിവിധ തരത്തിലുള്ള ഉത്പാദന വിതരണ സംസ്‌കരണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു വരുന്ന പ്രവണത കാണുന്നുണ്ട്. ഇതിനെല്ലാം സഹായകരമായ സ്ഥിതിവിശേഷം സഹകരണ മേഖലയില്‍ ഉണ്ടാകണം. അതിന് ഇന്ന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button