തൃശൂർ: നിക്ഷേപകർക്ക് കരുവന്നൂർ ബാങ്കിലുള്ള വിശ്വാസം തിരികെ വന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 103 കോടി രൂപ തിരികെ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് വന്നുതുടങ്ങുകയാണ്. 103 കോടി നിക്ഷേപകർക്ക് നൽകിയപ്പോൾ ചിലർ അതിൽ കുറച്ച് പണം തിരികെ നിക്ഷേപിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്ടല ബാങ്കിന്റെ കാര്യവും പരിശോധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഖ്യാപനം മാത്രമേയുള്ളൂവെന്നും ഒരു രൂപ പോലും നൽകില്ലെന്നും ചിലർ പറഞ്ഞു. പണം തിരികെ ലഭിക്കുമെന്ന് ആളുകൾക്ക് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ പൂർണമായും കൊടുത്ത് തീർക്കുകയാണ്. വലിയ തുകകൾ കോടതി നിർദ്ദേശപ്രകാരം പലിശ ഉൾപ്പെടെ നൽകി വരുന്നു. ബാങ്കിൽ വായ്പകളും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാൻ ജനങ്ങൾ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 343 കോടിയുടെ കള്ളപ്പണ ഇടപാടില്‍ സി.പി.എം. സമാന്തര മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഈ മിനുട്‌സ് പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചെന്ന് പ്രധാന പ്രതി മൊഴി നൽകി. കേസില്‍ ഇ.ഡി. മാപ്പുസാക്ഷിയാക്കുന്ന 33-ാം പ്രതിയും ബാങ്കിന്റെ മുന്‍ സെക്രട്ടറിയും പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ആര്‍ സുനില്‍കുമാറിന്റേതാണ് മൊഴി. ക്രൈംബ്രാഞ്ചും സഹകരണവകുപ്പും രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഒന്നാംപ്രതിയാണ് സുനില്‍കുമാര്‍. ഇയാളുടെ മൊഴി പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെയാണ് സർക്കാർ നിക്ഷേപകർക്ക് പണം തിരികെ നൽകിയത്.
Post Your Comments