KeralaLatest News

പിണറായി ദശാവതാരങ്ങളിൽ ഒന്നാണെന്നാണ് വാസവൻ പറഞ്ഞത്, അതിൽ ഏത് അവതാരമാണെന്ന് മനസ്സിലാവുന്നില്ല: പരിഹാസവുമായി തിരുവഞ്ചൂർ

കോട്ടയം: മന്ത്രി വി.എൻ.വാസവന്റെ പിണറായി സ്തുതിയെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരളത്തിനു ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരുന്നു വി എൻ വാസവൻ പറഞ്ഞത്. ഈ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോടുള്ള അടുപ്പം വച്ച് നേരിൽ കാണുമ്പോൾ ചോദിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രി ദശാവതാരങ്ങളിൽ ഒന്നാണ് എന്നാണ് വാസവൻ പറഞ്ഞത്. അതിൽ എത് ഇനത്തിൽപ്പെട്ടതാണ് മുഖ്യമന്ത്രിയെന്ന കാര്യം അറിയില്ലെന്നും തിരുവഞ്ചൂർ പരിഹസിച്ചു.

‘മുഖ്യമന്ത്രി ദശാവതാരത്തിൽ ഒന്നാണ്, അവതാര പുരുഷനാണ് എന്നെല്ലാമാണ് മന്ത്രി വാസവൻ പറഞ്ഞത്. അക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കാനിരിക്കുകയാണ്. വേറൊന്നും കൊണ്ടല്ല, അടുപ്പവും സ്നേഹവും വച്ചാണ്. ആ പറഞ്ഞതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ചോദിക്കും. മത്സ്യകൂർമവരാഹസ്യം എന്നെല്ലാമല്ലേ ദശാവതാരങ്ങളേക്കുറിച്ച് പറയുന്നത്. അല്ലേ? നിങ്ങൾക്ക് അറിയാമല്ലോ. അതിൽ ഏത് ഇനത്തിലാണ് ഇത് വരുന്നതെന്ന് എനിക്ക് അറിയില്ല.’ – തിരുവഞ്ചൂർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനു നൽകിയ വരദാനമാണെന്നും കാലം കാത്തുവച്ച കർമയോഗിയാണെന്നും നവകേരള സദസ്സിനിടെയാണ് മന്ത്രി പുകഴ്ത്തിയത്. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും വാസവൻ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button