
മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. എംസിജിയില്‍ 1992 ആവര്‍ത്തിക്കുമോ പാകിസ്ഥാന്‍ അതോ ഇംഗ്ലണ്ട് പകരം വീട്ടുമോ എന്നതാണ് ഏവരുടേയും ആകാംക്ഷ. എന്നാല്‍, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആവേശ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒട്ടും സന്തോഷം നല്‍കുന്ന സൂചനകളല്ല കാലാവസ്ഥ നല്‍കുന്നത്.
ഫൈനല്‍ ദിനമായ ഇന്ന്, മഴ പെയ്യാന്‍ 100 ശതമാനം സാധ്യതയാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെയും വൈകിട്ടും ഇടിയോട് കൂടി മഴ പെയ്യും. പ്രാദേശിക സമയം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മത്സരം തടസപ്പെട്ടാല്‍ കളി പൂര്‍ത്തിയാക്കാന്‍ 30 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ന് മത്സരം നടന്നില്ലേല്‍ തിങ്കളാഴ്‌ച റിസര്‍വ് ദിനം കളി നടക്കും. എന്നാല്‍, റിസര്‍വ് ദിനത്തിലും മഴ സാധ്യതയുണ്ട്. ഞായറാഴ്‌ച എവിടെയാണോ കളി അവസാനിപ്പിച്ചത് അവിടെ നിന്നാണ് റിസര്‍വ് ദിനം മത്സരം പുനരാരംഭിക്കുക. റിസര്‍വ് ദിനം മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്‍റെ പ്രവചനം.
Read Also:- സുരക്ഷിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നാളെ 1.30ന് തുടങ്ങേണ്ട മത്സരം റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ സമയം 10.30ന്(പ്രാദേശിക സമയം വൈകിട്ട് 3.30) തുടങ്ങാനാണ് സാധ്യത. റിസര്‍വ് ദിനത്തിലും മഴ തുടരുകയും മത്സരം പൂര്‍ത്തിയാക്കേണ്ട നിശ്ചിത സമയവും അധികമായി അനുവദിച്ച നാല് മണിക്കൂര്‍ കഴിഞ്ഞും മത്സരം സാധ്യമാകാതിരിക്കുകയും ചെയ്താല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
Post Your Comments