മെല്‍ബണ്‍: സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ ഓസ്‌ട്രേലിയൻ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെൽ വീണ് കാലൊടിഞ്ഞതായി റിപ്പോർട്ട്. ഇതോടെ, ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകള്‍ നഷ്ടമാവും. കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ അതില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് മാക്സ്‌വെല്ലിനെ ഒഴിവാക്കി. പകരം സീന്‍ ആബട്ടിനെ ടീമിലെടുത്തു. ശനിയാഴ്ച സുഹൃത്തിന്‍റെ അമ്പതാം പിറന്നാളാഘോഷത്തിനിടെ കൂട്ടുകാരനുമായി കൂട്ടിയിടിച്ച് വീണാണ് മാക്സ്‌വെല്ലിന്‍റെ കാല്‍വണ്ണയിലെ എല്ല് ഒടിഞ്ഞത്. ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്സ്‌വെല്ലിന് എത്രനാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
കൂടാതെ, ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് പൂര്‍ണമായും മാക്സ്‌വെല്ലിന് നഷ്ടമാവുമെന്നാണ് സൂചന. ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ നായകനായ മാക്സ്‌വെല്‍ ഡിസംബറില്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡിലും ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലും കളിക്കുന്ന കാര്യവും സംശയത്തിലാണ്.
Read Also:- ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കില്‍ ഈ കാലം ശ്രദ്ധിക്കണം
ടി20 ലോകകപ്പില്‍ ആതിഥേയരായ ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്തായിരുന്നു. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളിലെ നിര്‍ണായക താരമായ മാക്സ്‌വെല്‍ ഇന്ത്യക്കെതിരെ അടുത്തവര്‍ഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
Post Your Comments