
ഹൈദരാബാദ്: താന്‍ ക്ഷീണിതനാകാത്തതിനു പിന്നില്‍ ദിവസേന ലഭിക്കുന്ന 2-3 കിലോ അധിക്ഷേപങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദിവസേന അധിക്ഷേപം ലഭിക്കും. ദൈവം അതിനെ പോഷകങ്ങളാക്കി മാറ്റും. അവയെ പോസിറ്റീവായാണു ഞാന്‍ കാണുന്നത്’. അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല, ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യമെന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. നിരാശയോ ഭയമോ അന്ധവിശ്വാസമോ മൂലം ചിലയാളുകള്‍ മോദിയെ അധിക്ഷേപിക്കും. അത്തരം വികാരപ്രകടനങ്ങളില്‍ വീണുപോകരുത്. സംസ്ഥാനത്തിനു വേണ്ടത് കുടുംബം ആദ്യം എന്നതല്ല, ജനങ്ങള്‍ ആദ്യം എന്ന സര്‍ക്കാരാണെന്നു മോദി പറഞ്ഞു.
ചന്ദ്രശേഖര്‍ റാവുവിന്റെ അന്ധവിശ്വാസങ്ങളേയും മോദി പരിഹസിച്ചു. എവിടെ താമസിക്കണം, എവിടെ ഓഫീസ് സ്ഥാപിക്കണം, ആരെ മന്ത്രിയായി തെരഞ്ഞെടുക്കണം, ആരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം എന്നീ നിര്‍ണായക തീരുമാനങ്ങളെല്ലാം അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എടുക്കുന്നത്. ഇത് സാമൂഹിക നീതിക്ക് ഏറ്റവും വലിയ തടസമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments