തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എഫ്‌ഐആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന്, എങ്ങനെ അന്വേഷണം വേണമെന്ന് തനിക്ക് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ വിശദീകരിച്ചു. എന്നാല്‍ ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം, കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലെ ശുപാര്‍ശക്കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്.
ആര്യാ രാജേന്ദ്രന്റെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെയും ശുപാര്‍ശകത്തുകളിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്ന് ആയിരിക്കും അന്വേഷണം നടത്തുക.
Post Your Comments