Kerala

മേയർ- ഡ്രൈവർ തർക്കം: അന്വേഷണത്തിൽ പുരോഗതിയില്ല, ജോലി നഷ്ടപ്പെട്ട യദു ഹൈക്കോടതിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഹൈക്കോടതിയിൽ. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്നാവശ്യപ്പെട്ടാണ് യദു ഹർജി നൽകിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മേയറുമായുണ്ടായ തർക്കത്തിൽ യദുവിന് ജോലി നഷ്ടമാകുന്നത്. സംഭവമുണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം എങ്ങും എത്തിയിട്ടുമില്ല. ഓവര്‍ടേക്ക് ചെയ്യാന് അനുവദിക്കാതെ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.

അശ്ലീല ആംഗ്യം കാണിച്ച് മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കണ്‍ടോണ്മെന്‍റ് പോലീസ് ആദ്യം കേസെടുത്തു. ബസ് തടഞ്ഞ് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്ന യദുവിന്‍റെ പരാതിയിൽ മൂസിയം പൊലീസും പിന്നീട് കോടതി നിർദ്ദേശപ്രകാരം കേസെടുത്തു. ഇതിനിടെയാണ് കേസിലെ നിര്‍ണായക തെളിവായ ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് വിവരം പുറത്ത് വന്നത്. ഇതിൽ തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആ കേസിലെ അന്വേഷണവും ഒന്നുമായില്ല. താല്‍ക്കാലിക ഡ്രൈവര് യദുവിനെ പിന്നെ കെഎസ്ആര്‍ടിസിയും ജോലിക്ക് വിളിച്ചില്ല. അച്ചനും അമ്മയും മൂന്ന് വയസ്സുള്ള കുഞ്ഞുമടക്കം കഴിയുന്ന കുടുംബം പട്ടിണിയിലായി. ഇതോടെയാണ് യദു ഹൈക്കോടതിയിലെത്തിയത്. താല്‍ക്കാലിക ജോലിയാണെങ്കിലും സെക്യൂരിറ്റി ഡെപോസിറ്റായി പതിനായിരം രൂപ യദു കെഎസ്ആര്‍ടിസിയിൽ നല്കിയിട്ടുണ്ട്.

ഇത് തിരികെ നല്‍കി പിരിച്ചുവിടാത്തതിനാൽ മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല എന്നാണ് യദുവിന്‍റെ ഹർജിയിൽ പറയുന്നത്. അതേ സമയം താൽക്കാലിക ജീവനക്കാരനായ യദുവിന് മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് കെഎസ്ആർടിസി വിശദീകരണം. അപ്പോഴും വിവാദത്തിന് ശേഷം എന്ത് കൊണ്ട് യദുവിനെ തിരിച്ചുവിളിച്ചില്ലെന്നതിൽ കൃത്യമായ മറുപടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button