
മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ചർമ്മ തരം എന്തുതന്നെയായാലും ഒരു നല്ല ക്ലെൻസർ ഉപയോഗിച്ച് ചർമ്മസംരക്ഷണ ദിനചര്യ ആരംഭിക്കണം.
ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ ക്രീമുകളും ഫേഷ്യലുകളും ഉപയോഗിച്ച് മടുത്തവരാകും പലരും. ഇനി മുതൽ മുഖക്കുരു പാടുകൾ അകറ്റാൻ വീട്ടിൽ തന്നെ ചില പ്രകൃതിദത്തമാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്…
വെളിച്ചെണ്ണയ്ക്ക് ചർമ്മത്തിലെ പാടുകൾ ലഘൂകരിക്കാൻ കഴിയും.വിറ്റാമിൻ ഇ-യ്‌ക്കൊപ്പം ആന്റി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അവയെല്ലാം സെല്ലുലാർ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചർമ്മസംരക്ഷണ ദിനചര്യയിൽ മഞ്ഞൾ ചേർക്കുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തിന് തിളക്കം നൽകാനും പാടുകളും മുഖക്കുരുവും കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, കണ്ണിന് താഴെയുള്ള ഇരുണ്ട നിറവും ചർമ്മത്തിലെ ടാനും ഒഴിവാക്കാൻ സഹായിക്കും. ഒരു നുള്ള് മഞ്ഞൾ, രണ്ട് ടേബിൾസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം മുഖം നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മഞ്ഞൾ ഉപയോഗിക്കാം.
ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ മുഖക്കുരുവിനെ ചികിത്സിക്കാൻ മികച്ചതാണ്. പാടുകളുടെ കുറയ്ക്കുന്നതുൾപ്പെട വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ടീ ട്രീ ഓയിൽ സഹായകമാണ്. ഒരു കോട്ടൺ ബോളിൽ 2-3 തുള്ളി ടീ ട്രീ ഓയിൽ ഒഴിക്കുക. ശേഷം മുഖക്കുരു പാടുകളുള്ള ഭാഗത്ത് പുരട്ടുക. 2-3 ദിവസം പതിവായി ഇത് ചെയ്യുക. ചർമ്മത്തിൽ നല്ല വ്യത്യാസം ഉണ്ടാകുന്നത് കാണാം.
മുൾട്ടാണി മിട്ടി ചർമ്മപ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തെ പുനഃസ്ഥാപിക്കുകയും ബാക്ടീരിയ പ്രവർത്തനത്തിനും മുഖക്കുരുവിന് കാരണമാകുന്ന രോഗാണുക്കൾക്കും എതിരെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വൈവിധ്യമാർന്ന വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു പാടുകൾ അകറ്റാൻ, ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ എന്നിവ ചേർക്കുക. ആവശ്യത്തിന് കുറച്ച് വെള്ളം ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ പാക്ക് ഇടുക. 20 മിനുട്ടിന് ശേഷം മുഖം കഴുകുക.
Post Your Comments