മൗണ്ട് മോംഗനൂയി: ടി20 കരിയറിൽ തന്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നേടിയത്. 51 പന്തുകള്‍ നേരിട്ട താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സിക്‌സും 11 ഫോറുകളും ഉൾപ്പെടുന്നു. സൂര്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ താരം 117 റണ്‍സ് നേടിയിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള ഇന്ത്യന്‍ താരം. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് കോഹ്ലി നേടിയത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോർ നേട്ടത്തിൽ രോഹിത് ശര്‍മ (117) രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ നേടിയ 191 റണ്‍സില്‍ 111 റൺസും സൂര്യയുടെ വകയായിരുന്നു.
ശേഷിക്കുന്ന ബാറ്റ്സ്മാൻമാര്‍ നേടിയത് 69 റണ്‍സ് മാത്രം. 11 റണ്‍സ് എക്‌സട്രായിനത്തിലും ലഭിച്ചു. ടി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ പുരുഷ താരങ്ങളില്‍ കെ എല്‍ രാഹുലിനൊപ്പം രണ്ടാമതാവാനും സൂര്യക്ക് സാധിച്ചു. രണ്ട് സെഞ്ചുറികളാണ് ഇരുവരുടേയും അക്കൗണ്ടിലുള്ളത്. നാല് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മയാണ് ഒന്നാമന്‍. സുരേഷ് റെയ്‌ന, ദീപക് ഹൂഡ, വിരാട് കോഹ്ലി എന്നിവര്‍ക്ക് ഓരോ സെഞ്ചുറികള്‍ വീതമുണ്ട്.
ഈ വര്‍ഷം 30 ടി20 ഇന്നിംഗ്‌സുകളാണ് സൂര്യ കളിച്ചത്. 47.95 ശരാശരിയില്‍ 1151 റണ്‍സ് അടിച്ചെടുത്തു. 188.37 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്കറ്റ് റേറ്റുമുണ്ട്. ഒമ്പത് അര്‍ധ സെഞ്ചുറികളും രണ്ട് രണ്ട് സെഞ്ചുറികളും കരിയറില്‍ നേടി. ന്യൂസിലൻഡിനെതിരായ മത്സരത്തിനും ഒരു പ്രത്യേകതയുണ്ട്.
Read Also:- കോൺഗ്രസ് സർക്കാരിന്റെ കാലത്തെ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ: അന്വേഷണത്തിന് ഉത്തരവിട്ട് ബസവരാജ് ബൊമ്മൈ
ആദ്യമായിട്ടാണ് ഒരു ടി20 മത്സരത്തില്‍ ഒരു താരം സെഞ്ചുറിയും മറ്റൊരു ബൗളര്‍ ഹാട്രിക്കും നേടുന്നത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി ഹാട്രിക് നേടിയിരുന്നു. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗയ്ക്ക് ശേഷം ടി20 ക്രിക്കറ്റില്‍ രണ്ട് തവണ ഹാട്രിക് വീഴ്ത്തുന്ന താരമായിരിക്കുകയാണ് സൗത്തി.
Post Your Comments