കൽപറ്റ: വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ഥാപന ഉടമ അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷൻ ഉടമ തിരുവനന്തപുരം സ്വദേശി റോജറി (40) നെയാണ് അറസ്റ്റ് ചെയ്തത്. വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
സുൽത്താൻ ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിംഗപ്പൂരിൽ ഉപരിപഠനത്തിന് പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് ബ്രിട്ടനിൽ എം.ബി.എ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയും ആണ് തട്ടിയെടുത്തത്. ഇവരുടെ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ, ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷൻ സംസ്ഥാനത്ത് നിരവധിയാളുകളെ ഈരീതിയിൽ വഞ്ചിച്ച് പണം തട്ടിയെടുത്തതായി വ്യക്തമായി.
Read Also : അഞ്ചുവർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി : കണ്ടെത്തിയത് മറ്റൊരു യുവാവിനൊപ്പം താമസിക്കവെ
23ഓളം കേസുകൾ ആണ് സ്ഥാപനത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യത്തിലെ പങ്കാളികളെയും സ്ഥാപനത്തിൽ നിന്ന് വിദ്യാർത്ഥികളെ വിളിച്ച് ഭീഷണിപ്പെടുത്തിയ മറ്റു പ്രതികളെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും ഏജൻസികളെ സമീപിക്കുമ്പോൾ ജാഗ്രതപാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments