തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ തെളിവെടുപ്പിനിടെ ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്. തെല്ലും കുറ്റബോധമില്ലാതെയാണ് താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളും അവിടങ്ങളിൽ വെച്ചുണ്ടായ സംഭവങ്ങളും ഗ്രീഷ്മ പൊലീസിനോട് വിവരിച്ചത്. പൊലീസിന്റെ നിരീക്ഷണങ്ങൾക്ക് മറുകമന്റുകളും ഗ്രീഷ്മ പറയുന്നുണ്ടായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത്’ എന്ന് വെട്ടുകാട് പള്ളിയിൽ വെച്ച് ഡിവൈഎസ്പി ഗ്രീഷ്മയോട് പറഞ്ഞു. ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിനു കാട്ടിക്കൊടുത്തു.
തമിഴ്നാട്ടിലെ തൃപ്പരപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഗ്രീഷ്മയെ തെളിവെടുപ്പിനു കൊണ്ടുപോകും. തെളിവെടുപ്പ് ഇന്നും തുടരും.
അതേസമയം, കേസ് തമിഴ്നാട് പൊലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ ഷാരോൺ രാജിന്റെ വീട്ടുകാർ ഉൾപ്പെടെ ഇതിൽ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
Post Your Comments