തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന ഒന്നാം നമ്പര്‍ പ്രതിയാണ് ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയില്‍ രേഖകളിലെ അടയാളം. മുന്‍പ് റിമാന്‍ഡ് തടവുകാരിയായി ഒന്നരവര്‍ഷക്കാലത്തോളം ഗ്രീഷ്മ ഇതേ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ജയിലില്‍ ആദ്യ നാല് ദിവസം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഗ്രീഷ്മ.
Read Also: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം : കെ സുധാകരനെ ചോദ്യം ചെയ്യും
സെന്‍ട്രല്‍ ജയിലിലെ വനിതാ സെല്ലില്‍ കൂടുതല്‍ തടവുകാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാല്‍ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളില്‍ ഇല്ല.
ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്. ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നുമാണ് കോടതി നീരിക്ഷണം.
അതേസമയം, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഗ്രീഷ്മയുടെ കുടുംബം ഉടന്‍ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ചത് നിലനില്‍ക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുത് എന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീല്‍ നല്‍കുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല കുമാരന് മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്.
Post Your Comments