തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിലാണ് പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്.
എന്നാല്‍ പോലീസ് സംഭവത്തിൽ ഇടപെട്ടു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കി.
കൂടാതെ കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ലക്സ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പോലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്ന് സംഘടനാ നേതാവ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചിരുന്നു. വേറെ വിഷയമൊന്നുമില്ലെന്നാണ് സിഐ അറിയിച്ചത്. എന്നാല്‍ ഇന്ന് പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്ഐയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എത്തി എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് നോട്ടീസ് ഒപ്പിട്ടു വാങ്ങിയതായി പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments