KeralaLatest News

കാറിൽ തൊട്ടതിന് ചവിട്ടേറ്റ നാടോടി ബാലനെ കൊണ്ടുപോകാൻ ഡിസ്‌ചാര്‍ജ് ആകുന്ന ദിവസം കാര്‍ണിവല്‍ കാറുമായി സ്വര്‍ണവ്യാപാരി

തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ഉടമ യാതൊരു ദയയുമില്ലാതെ ചവിട്ടിത്തെറിപ്പിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ.ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസ്സുകാരനെ കാത്ത് കാർണിവൽ കാറുമായി സ്വർണ വ്യാപാരി. ആറുവയസ്സുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും സന്ദര്‍ശിച്ച്‌ ഇരുപതിനായിരം രൂപ നല്‍കുകയും ചെയ്തു.

പരിഭ്രാന്തരായ കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കുമെന്ന് ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാല്‍ തന്റെ കാര്‍ണിവല്‍ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്.

അതേസമയം, സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മുഹമ്മദ് ഷിഹ്ഷാദിന്റെ അമ്മയുടെ വീഡിയോയ്‌ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇവർ ആരോപിച്ചത് ബാലൻ കാറിലുള്ള കുട്ടികളെ കടിക്കാൻ ശ്രമിച്ചു എന്നായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇതൊന്നും കാണാനായില്ല.

ഇതിനിടെ, ആറു വയസുകാരനായ ഗണേശനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ശിഹ്ഷാദിന് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ എ.സി ഷീബ നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button