Latest NewsKerala

സ്റ്റേറ്റ് കാറിൽ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തും : കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനും സന്തോഷിന്റെ ശ്രമം

തിരുവനന്തപുരം: സ്റ്റേറ്റ് കാറിൽ കറങ്ങി നടന്നു മോഷണശ്രമവും ലൈംഗികാതിക്രമവും നടത്തിയ സന്തോഷ് സൈക്കോ കുറ്റവാളിയെന്ന സംശയം ശക്തം. സ്ത്രീകളെ ആക്രമിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ആളാണോ ഇയാൾ എന്നാണ് സംശയം. അതിനിടെ അർധരാത്രി വീട്ടിൽ കടന്നുകയറി കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെ ഗുരുതര കുറ്റങ്ങൾ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സന്തോഷിനെതിരെ തെളിഞ്ഞതോടെ കൂടുതൽ അന്വേഷണവും നടത്തും.

സന്തോഷിന്റെ മൊബൈൽ ഫോണിൽ തെളിവുണ്ടാകുമെന്നാണ് പ്രതീക്ഷ. സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയായ ഗോപകുമാരൻ നായർ സിപിഎം അടുപ്പക്കാരനായതു കൊണ്ടാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത്. സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരായുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും പൊലീസ് പരിശോധിക്കും. ലൊക്കേഷൻ അറിയുന്നതിനായി സന്തോഷിന്റെ ഫോൺ റെക്കോർഡ് പരിശോധിക്കാൻ തീരുമാനിച്ചു. കുറവൻകോണത്ത് വീട്ടിൽ കയറി വിദ്യാർത്ഥിനിയെ ആക്രമിച്ചതിനു സമാനമായ കുറെ പരാതികൾ പൊലീസിന് മുമ്പിലുണ്ട്.

ഈ കേസുകളൊന്നും തെളിഞ്ഞിരുന്നില്ല. പ്രധാനമായും മ്യൂസിയം, പേരൂർക്കട, കന്റോൺമെന്റ് മേഖലയിൽ നിന്നു ലഭിച്ച പരാതികളാണു പുനഃപരിശോധിക്കുന്നത്. സന്തോഷിന്റെ സാന്നിധ്യം സംഭവസ്ഥലങ്ങളിൽ ഉണ്ടായിരുന്നെന്നു കണ്ടെത്തിയാൽ പരാതിക്കാരിൽ നിന്നു വിശദമായ മൊഴിയെടുക്കും. വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പിനായി പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. സന്തോഷ് തന്നെയാണു കഴിഞ്ഞ ഡിസംബറിൽ രാത്രി നഗരത്തിലെ വീട്ടിൽ അതിക്രമിച്ചു കടന്നു കത്തി ചൂണ്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു.

അന്നു പേരൂർക്കട പൊലീസ് ശേഖരിച്ച വിരലടയാളം ഇയാളുടേതുമായി ഒത്തുനോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനശ്രമത്തിനു കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭ വിലാസം വീട്ടിൽ സന്തോഷ്, ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്ന നിലയിൽ പിടിയിലാകാതെ തുടർന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരമായി.

2021 ഡിസംബർ 19 ന് കുറവൻകോണത്തു തന്നെ മറ്റൊരു വീട്ടിലാണു പീഡനശ്രമം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തിയിരുന്ന 4 വിദ്യാർത്ഥിനികൾ ഈ വീടിന്റെ മുകൾ നില വാടകയ്‌ക്കെടുത്തു താമസിച്ചിരുന്നു. രാത്രി 2 മണിയോടെ മതിൽ ചാടി അകത്തു കടന്ന പ്രതി ഗ്രില്ലിന്റെ പൂട്ട് തകർത്തു മുകൾ നിലയിൽ കടന്നു. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കൈ മുറിഞ്ഞു.

ബഹളം കേട്ട് അടുത്ത മുറിയിലുള്ളവർ ഓടിവന്നപ്പോൾ പുതപ്പ് വീശിയെറിഞ്ഞ ശേഷം ഇയാൾ രക്ഷപ്പെട്ടു. അപ്പോൾ തന്നെ പെൺകുട്ടികൾ പൊലീസിൽ അറിയിക്കുകയും വിശദമായ മൊഴി കൊടുക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല. സമീപവാസികൾ അക്രമിയെ പിടിക്കാൻ കുറേ ദിവസം രാത്രി കാത്തിരുന്നു. ഒരു മാസം കഴിഞ്ഞ് ഇതേ വീട്ടിൽ ഇയാൾ വീണ്ടും എത്തിയെങ്കിലും പുറത്തു ശബ്ദം കേട്ടു വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. ഇയാളുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് ഇതുവരെ ഇയാൾ രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button