കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പന സ്വർണ്ണവിലാസത്ത് കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എ.സ്.ഇ.ബിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കർഷകനായ പതായിൽ സജി ജോസഫ് ഏലത്തോട്ടത്തിൽ ഇരുമ്പ് ഏണിയിൽ നിന്ന് മരക്കൊമ്പ് വെട്ടുന്നതിനിടെ ഷോക്കേറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം.
സജി ജോസഫിന് ഷോക്കേറ്റത് ഏലത്തോട്ടത്തിലൂടെ വൈദ്യുതിലൈൻ താഴ്ന്ന് കിടക്കുന്നത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകി.
പത്തടിയോളം ഉയരം മാത്രാണ് ലൈനിനുള്ളത്. ഏലത്തട്ടകളും കുരുമുളക് വള്ളിയും മരവുമെല്ലാം വൈദ്യുതി ലൈനിൽ തട്ടിയാണ് നിൽക്കുന്നത്. അപകടമുണ്ടാക്കുന്ന ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് മുൻപ് പലതവണ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
എന്നാൽ, ലൈൻ മാറ്റണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. അപകടം നടന്ന സ്ഥലത്ത് കട്ടപ്പന എസ്.ഐ കെ ദിലീപ് കുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജേഷ് ബാബുവും സ്ഥലത്ത് പരിശോധന നടത്തി. വൈദ്യുതി ലൈൻ താഴ്ന്നു കിടന്നതും ഇരുമ്പ് ഏണി ഉപയോഗിച്ചതും അപകടകാരണമായിട്ടുണ്ടെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് പോലീസ് കത്തു നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ട് റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് കൈമാറുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു. ഇതിനു ശേഷം തുടർനടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
Post Your Comments