Latest NewsKeralaNews

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കുമെന്നും വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ സുരക്ഷിതമായി ദര്‍ശനം നടത്തി മടങ്ങി പോകുന്നതിനായി എല്ലാവരും പ്രവര്‍ത്തിക്കണം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം എത്തുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലും വിവരങ്ങള്‍ നല്‍കണം. തീര്‍ഥാടനത്തോട് അനുബന്ധിച്ച എല്ലാ പ്രവൃത്തികളും ഈ മാസം 10 ന് മുന്‍പായി പൂര്‍ത്തീകരിക്കണം. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായോയെന്നു പരിശോധിക്കുന്നതിന് ഈ മാസം 11ന് നേരിട്ടു സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ടൗണില്‍ ഇതുമൂലം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ ഇടവരരുത്. തിരുവാഭരണപാതയുടെ ശുചീകരണം ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തീര്‍ഥാടന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് കൈയില്‍ കരുതണം. ഭക്ഷണവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് എല്ലാ ഭക്ഷണ ശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം. പന്തളത്തെ ഡിടിപിസി അമനിറ്റി സെന്റര്‍ ഉടന്‍ തന്നെ ശുചീകരിച്ച് തീര്‍ഥാടനത്തിന് സജ്ജമാക്കണം.

ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫീസര്‍ നേരിട്ടു വിലയിരുത്തി റിപ്പോര്‍ട്ട് ഡിഎംഒ മുഖേന നല്‍കണം. ശബരിമലയില്‍ എത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള എല്ലാ തീര്‍ഥാടകരും അവരുടെ ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയ്ക്ക് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കൂടുതല്‍ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നിരോധിച്ചിരിക്കുന്ന ഇടങ്ങളില്‍ വാഹന പാര്‍ക്കിംഗ് ചെയ്യുന്നത് തടയാന്‍ ട്രാഫിക്ക് പോലീസ് ഇടപെടണം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ നഗരസഭയുടെ ബസ് സ്റ്റാന്റിന്റെ കുറച്ചു ഭാഗം വിനിയോഗിക്കണം. കടകളില്‍ ലഹരി ഉത്പന്നങ്ങളുടെ പരിശോധന ശക്തമാക്കണം.  തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയും  മന്ത്രിമാരും നിരവധി അവലോക യോഗങ്ങള്‍ നടത്തി തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ പ്രവര്‍ത്തിച്ച് തയാറെടുപ്പുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിവിധ വകുപ്പുകളുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ക്ക് വ്യാപക പ്രചാരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതലത്തില്‍ ട്രാഫിക് സ്‌കീം തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍ അറിയിച്ചു. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താല്‍ക്കാലിക പോലീസ് സ്റ്റേഷനുകള്‍ തീര്‍ഥാടന കാലത്ത് ഉണ്ടാകും. തീര്‍ഥാടന പാതയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇക്കോ ഗാര്‍ഡുകളെ നിയോഗിച്ചായി ഡി.എഫ്.ഒ ആയുഷ് കുമാര്‍ ഖോരി  അറിയിച്ചു.

തീര്‍ഥാടകര്‍ കടന്നു പോകുന്ന ഉപ്പുപാറ – ശബരിമല  കാനനപാത  വൃത്തിയാക്കി.  അഴുത – പമ്പ പാത നവീകരണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

വനം വകുപ്പിന്റെ ക്യാമ്പ് സൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനും പമ്പ ത്രിവേണിയില്‍ 10 കൂപ്പണ്‍കൗണ്ടര്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരിക്കും. കുടിവെള്ള വിതരണ ക്രമീകരണങ്ങള്‍ ഈമാസം 10 ന് പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പത്തനംതിട്ട – പമ്പ പാത, പമ്പ ത്രിവേണി, അച്ചന്‍കോവില്‍, സീതത്തോട്, പന്തളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കടവുകളില്‍ സുരക്ഷാ വേലി ഇറിഗേഷന്‍ വകുപ്പ് സജ്ജമാക്കി. പമ്പയില്‍ തീര്‍ഥാടകര്‍ക്കായി 60 ഷവര്‍ യൂണിറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഈമാസം ഒന്‍പതിന് പൂര്‍ത്തിയാക്കും. ഈമാസം 14 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതലത്തിലുള്ള കണ്‍ട്രോള്‍ റൂമിനു പുറമേ തിരുവല്ല, റാന്നി എന്നിവിടങ്ങളിലും കണ്‍ട്രോള്‍ റൂം തുറക്കും. പത്തനംതിട്ട- പമ്പ പാതയില്‍ എക്സൈസ് സ്‌ക്വാഡ് പട്രോളിംഗ് നടത്തും. പന്തളം, ആറന്മുള എന്നിവിടങ്ങളില്‍ എക്സൈസ് വകുപ്പിന്റെ എയ്ഡ്പോസ്റ്റ് തുടങ്ങും.

തീര്‍ഥാടകര്‍ക്ക് പരാതി നല്‍കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ സജ്ജമാക്കും. മൊബൈല്‍ കവറേജ് മെച്ചപ്പെടുത്തുന്നതിന് കൂടുതലായി 10 ടവറുകള്‍ സജ്ജമാക്കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു. തീര്‍ഥാടകര്‍ എത്തുന്ന ജില്ലയിലെ പ്രധാന കടവുകളില്‍ ലൈഫ് ഗാര്‍ഡിനെയും ഒരു ലൈഫ് ജാക്കറ്റും ലൈഫ്ബോയിയും നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. പന്തളം രാജകൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button