തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് നൽകിയിരിക്കുന്നത്. ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പരസ്യമായതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
Post Your Comments