തിരുവനന്തപുരം: ബോംബെറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംശയരോഗിയായ ഭർത്താവിന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് (67) കോടതി ശിക്ഷിച്ചത്. തിരുവനന്തപുരത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ചെയ്യുന്ന സ്പെഷൽ ജില്ലാ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
2015 ജൂലൈ എട്ടിനാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ കമലത്തോടുള്ള സംശയം കാരണം പ്രതിയായ ഭർത്താവ് അകന്നുമാറി താമസിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിനായി സ്വന്തമായി അഞ്ചു നാടൻ ബോംബുകൾ നിർമിച്ചു ഭാര്യ താമസിക്കുന്ന വീട്ടിൽ ഇയാൾ എത്തി. ഭർത്താവിനെ കണ്ട ഭാര്യ വീട്ടിൽ കയറി വാതിൽ അടച്ചു. ഈ സമയം കൈയിലിരുന്ന ബോംബുമായി വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ച പ്രതിയുടെ കൈയിലിരുന്ന് ബോംബ് പൊട്ടി വലതു കൈപ്പത്തി നിശേഷം തകരുകയും ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.
പാലോട് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ് ഹാജരായി.
Post Your Comments