കോട്ടയം: കേറ്ററിംഗ് സര്‍വീസിന്റെ മറവില്‍ വിവാഹവീടുകളില് വ്യാജ ചാരായം വില്പന നടത്തിയ ആൾ പൊലീസ് പിടിയിൽ. മണിമല കടയനിക്കാട് കോലഞ്ചിറയില്‍ കെ.എസ്. സോമനാ(65)ണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ചീഫിന്റെ ലഹരിവിരുദ്ധ സ്ക്വാഡും മണിമല പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നു നാലു ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
വിവാഹ വീടുകളില്‍ കേറ്ററിംഗ് സര്‍വീസ് നടത്തുന്ന സോമന്, ഇതിന്റെ മറവില്‍ വിവാഹ വീടുകളില്‍ ചാരായ-മദ്യ വില്പനയും നടത്തിയിരുന്നു. ഒരു ലിറ്റര്‍ ചാരായം ആയിരം രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, ദിവസങ്ങളായി ലഹരിവിരുദ്ധ സംഘം സോമനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇയാള്‍ വീടിനു സമീപത്ത് ചാരായം വാറ്റുന്നതായി പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്, മണിമല എസ്എച്ച്ഒ ബി. ഷാജിമോന്‍, എസ്ഐ വിജയകുമാര്‍, അനില്‍കുമാര്‍, മോഹനൻ, എഎസ്ഐ റോബി പി. ജോസ്, സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Post Your Comments