ഷാർജ: വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകി ഷാർജ. ഇതിനായി ഷാർജ റിയൽ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമഭേദഗതിക്ക് അനുമതി നൽകിയത്. ഇതനുസരിച്ച് സ്വകാര്യ വ്യക്തികൾക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം. യുഎഇ പൗരന്റെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശ പൗരനും ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിലാണ് നിയമ ഭേദഗതി.
ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ കഴിയും. ഉടമയുടെ വിദേശ പൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാനും പുതിയ ഭേദഗതി അനുമതി നൽകുന്നു. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ, പ്രൊജക്ടുകൾ എന്നിവയുടെ ഉടമസ്ഥാവകാശം, ഉയർന്ന ഓഹരി വിഹിതം എന്നിവയും നിയമ നടപടികൾ പാലിച്ച് വിദേശ പൗരന് നൽകാം.
Post Your Comments