ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവലൂഷ്യനറി ഗാര്‍ഡ് ഫോഴ്‌സാണ് ‘ജാമിയ ഒലിവര്‍’ എന്ന് അറിയപ്പെടുന്ന മെര്‍ഷാദ് ഷാഹിദിയെ കൊലപ്പെടുത്തിയത്. മെര്‍ഷാദിന്റെ ഇരുപതാം ജന്മദിനത്തിന്റെ തലേദിവസമാണ് മരണം സംഭവിച്ചത്. മെര്‍ഷാദിന്റെ മരണത്തോടെ ഇറാനില്‍ വീണ്ടും പ്രതിഷേധം രൂക്ഷമായി.
ഷാഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാത്രിയില്‍ എത്തിയ പതിനായിരക്കണക്കിന് ആളുകള്‍ റോഡുകള്‍ ഉപരോധിച്ചു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മെര്‍ഷാദ് ഷാഹിദിയെ ഇറാന്‍ സുരക്ഷാ സേന ക്രൂരമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. കസ്റ്റഡിയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ഹൃദയസ്തംഭനം മൂലമാണ് ഷാഹിദി മരിച്ചതെന്ന് പറയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം അറിയിച്ചു. ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇറാന്‍ അധികൃതര്‍ തയാറായിട്ടില്ല. ശരീരത്തില്‍ മുറിവേറ്റതിന്റെയോ ഒടിവിന്റെയോ ചതവിന്റെയോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഇറാന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസിനും അധികൃതര്‍ക്കുമെതിരെ കനത്ത പ്രതിഷേധമാണ് ഇറാനില്‍ അരങ്ങേറുന്നത്.
കുര്‍ദ് വംശജയായ മഹ്‌സ അമിനിയുടെ (22) മരണത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭമാണ് ഇറാനില്‍ ഇപ്പോഴും ശക്തമായി തുടരുന്നത്. പ്രതിഷേധം അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Post Your Comments