തിരുവനന്തപുരം: ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സമാന സാഹചര്യത്തില്‍ മരിച്ച തമിഴ്‌നാട്ടിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്റെ മരണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താന്‍ സിബിസിഐഡി അന്വേഷണം ഊര്‍ജിതമാക്കി.
ആസിഡിന് സമാനമായ വിഷാംശം ഉള്ളില്‍ ചെന്നതാണ് ആതംകോട് മായകൃഷ്ണ സ്വാമി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്റെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഷാരോണിനെ കൊല്ലുന്നതിന് മുമ്പ് അശ്വിനില്‍ പരീക്ഷണം നടത്തിയതാണെന്ന സംശയം നാട്ടുകാര്‍ ഉള്‍പ്പടെയുള്ള ചിലര്‍ ഉന്നയിക്കുന്നുണ്ട്.
സ്‌കൂളില്‍ വച്ച് ശീതളപാനീയം കുടിച്ചുവെന്നും അതിനുശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും അശ്വിന്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ഇത് നല്‍കിയതെന്ന് ഇപ്പോഴും വ്യക്തമല്ല. യൂണിഫോം അണിഞ്ഞെത്തിയ പൊടിമീശക്കാരന്‍ ചേട്ടനാണ് പാനീയം നല്‍കിയതെന്നാണ് അശ്വിന്‍ മരണക്കിടക്കയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ അത്തരമൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌കൂളിലെ സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആ നിലയ്ക്കും അന്വേഷണം നടത്താനായില്ല. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ മുഴുവന്‍ പരിശോധിച്ചെങ്കിലും അശ്വിന്‍ പറഞ്ഞ ലക്ഷണങ്ങളോടെയുള്ള ഒരു വിദ്യാര്‍ത്ഥിയെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംശയിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഗ്രീഷ്മ ഹാെറര്‍ സിനിമകളുടെ കടുത്ത ആരാധികയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.
പാനീയം കുടിച്ച് ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസമാണ് അശ്വിന്‍ മരിച്ചത്. ഷാരോണും ഏറെ ദിവസം ചികിത്സയിലിരുന്നതിനുശേഷമാണ് മരിച്ചത്. ഇരുവരിലും കാണപ്പെട്ട ലക്ഷണങ്ങളും ഏറക്കുറെ സമാനമാണ്. ആന്തരികാവയവങ്ങളിലെ പരിശോധനകളിലും സമാന അവസ്ഥ കണ്ടെത്തിയിരുന്നു.
ഷാരോണിന്റെ കൊലപാതകത്തിന് പിന്നില്‍ ഗ്രീഷ്മ മാത്രമല്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. ആ നിലയ്ക്കാണ് അശ്വിനില്‍ വിഷപരീക്ഷണം നടത്തി എന്ന് അവര്‍ സംശയിക്കുന്നത്. കളയിക്കാവിളയ്ക്ക് സമീപം മെതുക്കുമ്മല്‍ സ്വദേശിയാണ് അശ്വിന്‍. ഷാരോണ്‍ കൊലപാതക കേസില്‍ പിടിയിലായ ഗ്രീഷ്മ പഠിക്കുന്നത് തമിഴ്‌നാട്ടിലെ കോളേജിലാണ്. ഇതും സംശയത്തിന്
ഇടനല്‍കുന്നു.
Post Your Comments