ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോർട്ട്. മോർബിയിൽ തകർന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുൻപ് പുനർനിർമ്മാണം നടത്തിയിരുന്നു. അപകടത്തിന് പിന്നാലെ 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നു. മരണപ്പെട്ടവരിൽ രാജ്‌കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.പി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ട്.
‘അപകടത്തിൽ എനിക്ക് അഞ്ച് കുട്ടികൾ ഉൾപ്പെടെ എന്റെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ സഹോദരിയുടെ കുടുംബത്തിൽ നിന്നുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. NDRF, SDRF, പ്രാദേശിക ഭരണകൂടം എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ നിന്ന് കുറെ പേരെ രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, രക്ഷാപ്രവർത്തന ബോട്ടുകളും സ്ഥലത്തുണ്ട്’, ബി.ജെ.പി. എംപി പറഞ്ഞു.
അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. തൂക്കുലാപത്തെ പിന്തുണയ്ക്കുന്ന കേബിളുകൾ പൊട്ടി വീഴുകയായിരുന്നു. ഇതോടെ പാലത്തിൽ ഉണ്ടായിയർന്ന ആളുകൾ നദിയിൽ പതിച്ചു. മരണപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, മരണപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രഖ്യാപിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും.
Post Your Comments