കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കി സൈനികനെയും സഹോദരനെയും പോലീസുകാർ മർദ്ദിച്ച സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് ഇടപെടുന്നു. കേരള പോലീസിനെതിരെ മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിൽ പോകുമെന്ന് സൂചന. സൈനികനായ വിഷ്ണുവിനെ മർദ്ദിച്ച കേസ് ഗൗരവമായിട്ടാണ് സൈന്യം കാണുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു കുടുംബവും വിമുക്തഭടന്മാരുടെ സങ്കടനകളും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരെ മിലിട്ടറി ഇന്റലിജൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നതായി സൂചന.
സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സെപ്റ്റംബർ 25ന് ആണ് പോലീസുകാർ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കള്ളക്കേസിൽ കുടുക്കിയതും, ക്രൂരമായി മർദ്ദിച്ചതും. 12 ദിവസമാണ് ഇവർ ലോക്കപ്പിൽ കഴിഞ്ഞത്. വ്യാജ കേസാണെന്ന് വ്യക്തമായതോടെ പോലീസിനെതിരെ വ്യാപക അപ്രതിഷേധം ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരുന്നു. എന്നാൽ, തങ്ങളെ ആക്രമിച്ച പൊലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്നാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.
12 ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തുവന്ന സഹോദരങ്ങൾ തങ്ങൾക്ക് ഏൽക്കേണ്ടിവന്ന ക്രൂര മർദ്ദനത്തെ കുറിച്ച് പറഞ്ഞിരുന്നു. സൈനികനായ വിഷ്ണുവിനോട് നീ ഇനി ഈ വിരൽകൊണ്ട് കാഞ്ചി വലിക്കില്ല എന്ന് പറഞ്ഞു വിരലുകൾ ഒടിച്ചു. നീ ചത്താൽ നിന്റെ ദേഹത്ത് റീത്ത് വെക്കും എന്നായിരുന്നു മറ്റൊരു പോലീസുകാരൻ പറഞ്ഞത്. സംസ്ഥാനത്ത് മാത്രമല്ല ദേശീയതലത്തിലും ചർച്ചയായ ഈ സംഭവം പോലീസ് സേനയ്ക്ക് ചെറിയ മാനക്കേട് അല്ല ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments