ഇടുക്കി: കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ രാജാക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍ നടത്തി വരുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും ബൈസണ്‍വാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും ഇതര സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ബൈസണ്‍വാലിയില്‍ ലഹരി വിരുദ്ധ പൊതുജന റാലിയും പൊതുസമ്മേളനവും വടംവലി മത്സരവും സംഘടിപ്പിച്ചു. നാല്‍പ്പതേക്കര്‍ ടൗണില്‍ നിന്നായിരുന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ലഹരിവിരുദ്ധ പൊതുജന റാലി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരികള്‍, ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്ക് ചേര്‍ന്നു. ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രാണ്ടില്‍ റാലി സമാപിച്ച ശേഷം പൊതു സമ്മേളനത്തിന് തുടങ്ങി.
പൊതു സമ്മേളനം ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിപാടിയുടെ പ്രചാരണാര്‍ത്ഥം ജില്ലാ വടംവലി മത്സരം നടത്തി. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി മുപ്പത്തിമൂന്നോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ആമയാര്‍ ടീം ഒന്നാം സ്ഥാനവും യുവ അടിമാലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും സമ്മാനിച്ചു. ചടങ്ങില്‍ രാജാക്കാട് ജനമൈത്രി പോലീസ് അവതരിപ്പിക്കുന്ന 1000 കുട്ടികളുടെ ലഹരി വിരുദ്ധ സംഗീത പരിപാടി കുഞ്ഞാറ്റ കിളികളും കൂട്ടുകാരുമെന്ന ആല്‍ബം ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് പ്രകാശനം ചെയ്തു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഡി.വൈ.എസ്.പി കെ.ആര്‍ മനോജ് ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങള്‍, രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍ ബി, രാജാക്കാട് എസ്.ഐ ഫ്രാന്‍സി ജോസഫ്, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍, ഇതര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments