![](/wp-content/uploads/2022/10/andul-jabbar.gif)
കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്‌നപൂജ നടത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ചു നടക്കുന്ന അബ്ദുള്‍ ജബ്ബാര്‍ പലപ്പോഴും യാത്രയിലാണെന്നും തമിഴ്നാട്ടിലും കേരളത്തിലും പലയിടങ്ങളിലും ആഭിചാരക്രിയകള്‍ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഇയാള്‍ ഇടക്കാലത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതിലൂടെ പരാതിക്കാരിയായ യുവതിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിക്കുകയും വീട്ടിലെ നിത്യസന്ദര്‍ശകനായി മാറുകയും ചെയ്തു. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഇയാള്‍ നിലമേല്‍ ഭാര്യയുടെ വീട്ടിലായിരുന്നു താമസം. പിന്നീട് ഇയാള്‍ പരാതിക്കാരിയുടെ വീടിനടുത്ത് ഭൂമി വാങ്ങി വീടു വയ്ക്കുകയായിരുന്നു.
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ നഗ്‌നപൂജ നടത്താന്‍ ഭര്‍തൃവീട്ടുകാര്‍ അബ്ദുള്‍ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുവതിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്ത് വരികയും, പ്രതിഷേധം രൂക്ഷമായതോടെ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും വീട്ടുകാരും യുവതിയെ അബ്ദുള്‍ ജബ്ബാറിന്റെ മുന്നില്‍ എത്തിച്ചത്. നഗ്‌നപൂജ നടത്താന്‍ അബ്ദുള്‍ ജബ്ബാര്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെണ്‍കുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തല്‍. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തി.
ഇതോടെ, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മന്ത്രി ജെ ചിഞ്ചുറാണി പൊലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് മന്ത്രവാദത്തിന് യുവതിയെ എത്തിച്ച ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അബ്ദുള്‍ ജബ്ബാറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments