
തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ അഴിമതികൾ താൻ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവന്നതാണെങ്കിലും അന്ന് വേണ്ടെന്നു വെച്ച അഴിമതി നിറഞ്ഞ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ഇപ്പോൾ രഹസ്യമായി നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിൻ്റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ആണെന്ന് പറഞ്ഞിരുന്നു.
കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ ശിവശങ്കറെ തിടുക്കത്തിൽ തിരിച്ചെടുത്തതിന്റെയും, സംരക്ഷണം നൽകുന്നതിന്റെയും പിന്നിലെ രഹസ്യം ഇപ്പോൾ ജനങ്ങൾക്ക് പൂർണ്ണമായും ബോധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും ആയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് എവിടെയും എത്താത്തതിനു പിന്നിൽ ബി.ജെ.പി- സി.പി.ഐ.എം ബന്ധമാണെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ വെളിപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ. അന്വേഷിക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments