തൃശ്ശൂർ: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250ലധികം പേരാണ് ഉള്ളത്.
വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു. ഇന്നലെ രാത്രി കൈപ്പമംഗലം, അഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്.
Read Also : നന്നായി വെള്ളം കുടിച്ചില്ലെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കിയാലും തലച്ചോറിന് പണികിട്ടും
സ്കൂട്ടറിൽ എംഡിഎംഎ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിൽ ഉള്ള പതിനേഴും 25നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിൽ ഉണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും, തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിൽ ഉണ്ട്.
പട്ടികയിൽ പേരുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും എക്സൈസ് പരിശോധിക്കും. പിടിയിലായവരെ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Post Your Comments