അഞ്‍ജു പാർവതി പ്രഭീഷ്
ഹൃദയം പൊള്ളുന്ന വേദനയോടെയാണ് വിഘ്നേഷ് എന്ന ആ പയ്യൻ്റെ വെളിപ്പെടുത്തൽ കണ്ടത്. എത്രമാത്രം പുഴുത്തു നാറുന്ന ഒരു നീതി നിർവ്വഹണമാണ് ഈ അളിഞ്ഞ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വെറുപ്പോടെ ചിന്തിച്ചുപ്പോകുകയാണ്. കാക്കിയിട്ട കാപാലികന്മാർ എത്ര സമർത്ഥമായാണ് ജീവിതങ്ങളെ തച്ചുടയ്ക്കുന്നത്. കാക്കിയിട്ടാൽ മൂന്നു ലോകവും തൻ്റെ കാൽക്കീഴിൽ എന്നു ധരിച്ചിരിക്കുന്ന ഏമാന്മാർ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ശാപമാണ്.
ഞാൻ ആദ്യമായി ഈ വാർത്ത കേട്ടത് മനോരമയുടെ കുറ്റപത്രത്തിലൂടെയായിരുന്നു. അന്നത്തെ റിപ്പോർട്ടിംഗ് തീർത്തും സത്യവിരുദ്ധമായിരുന്നു. പോലീസ് പറഞ്ഞുകൊടുത്ത ആ കള്ളക്കഥ അപ്പാടെ വിഴുങ്ങി ലോകത്തിൻ്റെ മുക്കിലും മൂലയിലും എത്തിച്ച മാധ്യമങ്ങൾ. കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്നായിരുന്നു വാർത്തകൾ. എത്ര വിദഗ്ദമായി പോലീസ് മാധ്യമങ്ങളെ പറ്റിച്ചു; അത് അപ്പാടെ ഏറ്റുപ്പാടി മാധ്യമങ്ങൾ പൊതുസമൂഹത്തെയും. ആ രണ്ട് സഹോദരങ്ങളും അവരുടെ അമ്മയും അച്ഛനും ഇത്രയും നാൾ അനുഭവിച്ച കൊടിയ വേദനയ്ക്കും അപമാനത്തിനും കണ്ണുനീരിനും എന്ത് പകരം വച്ചാലാണ് വീട്ടാനാവുക?
കാക്കിയിട്ട ഒരു ക്രിമിനൽ മാത്രം വിചാരിച്ചാൽ മതി ഏതൊരു വീടിൻ്റെയും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും വിളക്ക് കെടാൻ എന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ഓർക്കൂ. രാജ്യത്തെ സേവിക്കുന്ന ഒരു സൈനികൻ നേരിട്ട അവസ്ഥ ഇതാണെങ്കിൽ വെറും സാധാരണക്കാരായ ഒരു മനുഷ്യൻ്റെ ഗതി എന്തായിരിക്കും? ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഈ കെട്ടകാലത്ത് വെറുതെ വീട്ടിലിരിക്കുന്ന നിരപരാധികൾ വരെ ഭയപ്പെടണം. ഇവിടെ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണ്.
ഈ ഒരു വിഷയത്തിലെങ്കിലും രാഷ്ട്രീയ ധ്രുവീകരണമില്ലാതെ സാധാരണ ജനങ്ങൾ ഒരുമിച്ച് നില്‌ക്കണം. കാരണം നാളെ ഇത് എനിക്കോ നിങ്ങൾക്കോ സംഭവിച്ചേക്കാം. പോലീസ് സ്ക്രിപ്റ്റ് വച്ച് മനസ്സറിവില്ലാത്ത കാര്യങ്ങൾക്ക് നമ്മൾ കുറ്റവാളികൾ ആയേക്കാം. കൺമുന്നിൽ ഏതെങ്കിലും കാക്കിയിട്ട തെമ്മാടി മസിൽ പവർ കാണിക്കുന്നത് കണ്ട് ചോദ്യം ചെയ്തുപ്പോയാൽ നാളെ പൊതു സമൂഹത്തിനു മുന്നിൽ നമ്മളെ പ്രസൻ്റ് ചെയ്യുക ഭയങ്കര ക്രിമിനൽ ആയിട്ടായിരിക്കും. സത്യം ചെരുപ്പിട്ടു വരുമ്പോഴേക്കും നുണ ലോകം മുഴുവൻ ചുറ്റിയിരിക്കും. കിളികൊല്ലൂർ കേസ് പോലീസ് കെട്ടിച്ചമച്ച നാടകമാണെന്നു തെളിഞ്ഞതോടെ ഒരു കാര്യം വ്യക്തം കുട്ടൻപിള്ള സിൻഡ്രോമിൽ നിന്നും ഒരിക്കലും നമ്മുടെ പോലീസ് സേനയ്ക്ക് മോചനമുണ്ടാവില്ല.
പൊതുസമൂഹമേ, നിങ്ങളോടെനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെയൊക്കെ ഉള്ളിൽ ഒരു മനസാക്ഷികോടതിയുണ്ടെങ്കിൽ ഈ കേസിനെ അവിടെ വച്ച് വിചാരണ ചെയ്യുക. വിഷ്ണുവിനെയും വിഘ്നേഷിനെയും നിങ്ങളായി സങ്കല്പിക്കുക. എതിർപക്ഷത്ത് നില്ക്കുന്ന ആ പോലീസുകാർക്ക് നമ്മൾ വിധിക്കുന്ന ശിക്ഷ പിണറായി സർക്കാർ നല്കുന്ന സ്ഥലം മാറ്റമോ സസ്പെൻഷനോ ആവരുത്. ഇനി ഇവന്മാർ ആ കാക്കിയിട്ട് വേല ചെയ്യരുത്. അതിൻ്റെ ധാർഷ്ട്യം ഒരു പാവങ്ങളുടെയും നെഞ്ചത്ത് കാട്ടരുത്. സൈനികരോടുള്ള നിങ്ങളുടെ ബഹുമാനവും ആദരവും വെറും കാട്ടിക്കൂട്ടലുകൾ അല്ലായെങ്കിൽ , വിഷ്ണു എന്ന സൈനികനും കുടുംബത്തിനും നീതി ലഭിച്ചേ തീരൂ. ആ നീതി നമ്മൾ നേടി കൊടുക്കേണ്ടത് ആ ക്രിമിനൽ പോലീസുകാരുടെ ജോലി കളയിച്ചിട്ട് തന്നെയാണ്.
Post Your Comments