Latest NewsKeralaNews

നവീകരണത്തിന് ഒരുങ്ങി ഗുരുവായൂർ പുന്നത്തൂർ കോവിലകം

തൃശ്ശൂര്‍: നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കാനാണ് തീരുമാനം.

കോവിലകത്തിന്റെ തനിമ നിലനിർത്തി അതേപടി പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ദേവസ്വം നടപ്പാക്കുകയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ പറഞ്ഞു.

18 ഏക്കറോളം വരുന്ന നിലവിലെ ആനക്കോട്ടയുടെ മധ്യത്തിലാണ് പുന്നത്തൂർ കോവിലകം സ്ഥിതി ചെയ്യുന്നത്. കോവിലകത്തിന്റെ ചുമരുകളും തൂണുകളും നിലവിൽ ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതെല്ലാം പഴമ ചോരാതെ പുനർനിർമ്മിക്കുന്ന ഡിപിആർ ആണ് ദേവസ്വം തയ്യാറാക്കിയിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് തകർന്നുവീണ പുന്നത്തൂർ കോട്ടയിലെ വിശാലമായ നാടകശാലയും ഇതോടൊപ്പം പുതുക്കിപ്പണിയും. ഭാവിയിൽ ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം സ്ഥാപിക്കണമെന്ന ആലോചനയും ദേവസ്വത്തിനുണ്ട്. നാലുകെട്ടും നടുമുറ്റവും കൊത്തുപണികളുമെല്ലാം പുന്നത്തൂർ കോട്ടയുടെ സവിശേഷതയാണ്.

ഗുരുവായൂരിലെ പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രം കൂടിയാണ് പുന്നത്തൂർ കോട്ട. ഇപ്പോൾ 43 ആനകളാണ് ഇവിടെയുള്ളത്. ആനക്കോട്ടയുടെ 1.07 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അടുത്തമാസം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ആനക്കോട്ടയിലെ റോഡ് നവീകരണവും സന്ദർശകർക്കുള്ള ഫുട്പാത്ത് നിര്മാണവുമാണ് ആരംഭിക്കുക. ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടറും വിശാലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും.

കൂടാതെ പുന്നത്തൂർ കോട്ടയുടെ (ആനക്കോട്ടയുടെ) സമഗ്രവികസനത്തിനായി 50 കോടി രൂപയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടികൾ ദേവസ്വം ആരംഭിച്ചു കഴിഞ്ഞു. ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ പ്രത്യേക താല്പര്യപ്രകാരമാണ് നടപടി തുടങ്ങിയത്. ആനക്കോട്ട നവീകരണത്തിന്റെ ഭാഗമായി ആനകൾക്കു വേണ്ട ഷെൽറ്റർ, കുളങ്ങളുടെ നവീകരണം, ഡ്രൈനേജ് മൊഡ്യൂൾ സിസ്റ്റം, വാട്ടർ മാനേജ്മെൻറ് സിസ്റ്റം, ആന പരിശീലന കേന്ദ്രം, ആന ചികിത്സ കേന്ദ്രം, ആനപ്പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, പൊതു വിശ്രമമുറി, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തും.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് ആനക്കോട്ട. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആന വളർത്തൽ കേന്ദ്രം കൂടിയാണ് ഗുരുവായൂരിലെ ആനക്കോട്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button