Latest NewsKeralaNewsPen VishayamWriters' Corner

കുഴലൂത്തും കോമാളിക്കളിയും തല്ലുണ്ടാക്കാനുമുള്ള വേദിയായി ഗുരുവായൂർ അമ്പലപരിസരത്തെ കാണാതെ ഇരിക്കൂ: ജസ്‌നയോട് ലക്ഷ്മിപ്രിയ

നിങ്ങൾ ഭക്തയാണോ അല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് നടി ലക്ഷ്മി പ്രിയയുടെ ഒരു കുറിപ്പാണ്. കൃഷ്ണന്റെ ചിത്രം വരച്ചു ശ്രദ്ധ നേടിയ ജസ്‌ന സലിമിനു മറുപടിയായി ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പിൽ ഓരോ ആരാധനാലയങ്ങൾക്കും അതിന്റേതായ പവിത്രതയുണ്ട്, അത് പാലിക്കാൻ നമോരോരുത്തരും ബാധ്യസ്ഥർ ആണെന്നും പറയുന്നു.

read also: സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു

കുറിപ്പ്

നമസ്തേ,
ശ്രീമതി ജസ്‌ന സലിമിന്,
ഭക്തന്മാരുടെ ഭക്തനായ കണ്ണൻ,കൗരവ സഭയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ദ്രൗപദി ‘ഹൃദയ നിവാസാ കൃഷ്ണാ ‘ എന്നു വിളിച്ചു കരഞ്ഞപ്പോൾ ഓടിവന്നു രക്ഷിച്ച കണ്ണൻ , ദുര്യോധനന്റെ കൊട്ടാരം കാണാൻ ചെരുപ്പഴിച്ചു പുറത്തു വച്ചു പോയ ദ്രൗപദി തിരികെ എത്തും വരെ ആ പാദുകങ്ങൾക്ക് കാവലിരുന്ന എന്റെ കണ്ണൻ, തലവേദനയ്ക്ക് രാധ ചവുട്ടിയ വൃന്ദാവനത്തിലെ പാദ ദൂളികൾ നെറ്റിയിൽ ചാർത്തിയ എന്റെ കണ്ണൻ , സാളഗ്രാമത്തിൽ നിറഞ്ഞിരിക്കുന്ന ചൈതന്യം നാരായണൻ എന്നു തിരിച്ചറിയാതെ ഇറച്ചിക്കാരൻ ഇടയ്ക്ക് മാത്രം വിളിക്കുന്ന നാരായണ നാമം തനിക്ക് മതി എന്നും അതിനാൽ അത് അവനിൽ നിന്നും കൊണ്ടുപോയ സന്യാസി വര്യൻ ഇറച്ചി വിൽപ്പനക്കാരന് തൂക്കക്കട്ടിയ്ക്ക് പകരം തൂക്കാൻ അതേ സാള ഗ്രാമം തിരികെ എത്തിക്കണം എന്നും കല്പിച്ച ഭഗവാൻ, മേൽപ്പത്തൂരിന്റെ വിഭക്തിയെക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ട്ടം എന്നു പറഞ്ഞ ഭഗവാൻ, ഞാൻ മരങ്ങളുടെയും പ്രഭുവാണ് എന്നു പറഞ്ഞ എന്റെ എന്റെ പൊന്നു കണ്ണൻ,ആ ഭഗവാൻ തട്ടമിട്ട ഉമ്മച്ചിക്കുട്ടി സ്നേഹത്തോടെ വരച്ചു കൊണ്ടു വരുന്ന തന്റെ ചിത്രവും സ്വീകരിക്കും എന്നതിൽ തർക്കമില്ല..
പ്രിന്റ് എടുത്തതായാലും മാറ്റാരെങ്കിലുമാൽ വരച്ചതാണെങ്കിലും എന്റെ കണ്ണന് അതൊന്നും പ്രശ്നമാകില്ല. സ്നേഹത്തോടെ,ഭക്തിയോടെ എന്റെ കണ്ണന് സമർപ്പിച്ചു കൊടുത്താൽ മുട്ട ചേർത്ത കേക്ക് ആയാലും എന്റെ കണ്ണൻ അത് രുചിക്കും. അതെനിക്കുറപ്പാണ്. ഞാൻ എന്ന കരുതൽ, നിഷ്‌ക്കാമ ഭക്തി ഇതു രണ്ടും ചേർത്തു നിനക്ക് എന്തും സമർപ്പിക്കാം.അത് പക്ഷേ സ്വന്തം വീട്ടിൽ ആകണം എന്നു മാത്രം.ഇവിടെ ഒരു ഗുളിക കഴിക്കാൻ കൊടുത്താൽ പോലും കണ്ണന് സമർപ്പിച്ചു മാത്രം കഴിക്കുന്ന ഒരു 8 വയസ്സുകാരിയുടെ അമ്മ ആയതിനാൽ ഗുളിക കഴിക്കുന്ന കണ്ണൻ കേക്കും കഴിക്കുo എന്ന് എനിക്കു പറയാം.

അത് പക്ഷേ തന്ത്രിക വിധി പ്രകാരം ആചാര അനുഷ്‌ട്ടാനങ്ങൾ പാലിക്കുന്ന ആരാധനാലയങ്ങളിൽ ആവരുത്. ആരാധനാലയത്തിന് പുറത്ത് നടപ്പന്തലിൽ അല്ലേ എന്നു ചോദിക്കുന്നവരോട് നാളെ കൃഷ്ണ ഭക്തയായ ഒരു കുട്ടി വന്നിട്ട് ചിക്കൻ ബിരിയാണി നടപ്പന്തലിൽ പങ്കു വച്ചാലും അത് ശരി എന്നു നമുക്ക് സമ്മതിക്കാൻ പറ്റുമോ? ഭക്ഷണം കഴിച്ചു വായ ശുദ്ധീകരിക്കാതെ മല മൂത്ര വിസർജ്ജനം നടത്തിയാൽ ദേഹം ശുദ്ധീകരിക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല എന്നിരിക്കെ ഗുരുവായൂർ അമ്പലത്തിൽ കയറാൻ നിൽക്കുന്നവർക്ക് കേക്ക് വിതരണം നടത്താൻ പാടില്ലായിരുന്നു. മാത്രമല്ല പങ്കു വച്ച ഭക്ഷണം ഒരാളുടെ വായിൽ നിന്നും മറ്റൊരാളിലേക്ക് കൊടുക്കുമ്പോ എച്ചിൽ ആണ്. അത് കഴിച്ച് ആരും അകത്തേക്ക് കയറില്ല.

ഓരോ ആരാധനാലയങ്ങൾക്കും അതിന്റേതായ പവിത്രതയുണ്ട്. അത് പാലിക്കാൻ നമോരോരുത്തരും ബാധ്യസ്ഥർ ആണ്. അത് മറ്റ് മതസ്ഥരുടേത് ആകുമ്പോ പ്രത്യേകിച്ചും. നമ്മിലേക്ക്‌ ചൂണ്ടപ്പെടാവുന്നതെല്ലാം നാം ഒഴിവാക്കണം. റീൽസ് എടുക്കാനും കോപ്രായങ്ങൾ കാട്ടാനും ഉള്ള സ്ഥലങ്ങൾ അല്ല ആരാധനാലയങ്ങൾ. അത് ഗോഷ്ടി കൂടി ആണെങ്കിൽ വല്ലാതെ മുറിപ്പെടും. സനാതന ധർമ്മികൾക്ക് മതവും ജാതിയും ഒന്നും പ്രശ്നമല്ല. അവർ നിങ്ങളെ ഇത്ര കാലവും രണ്ടു കൈകളും നീട്ടി സ്നേഹിച്ചിട്ടുണ്ട്. നിങ്ങളുടെ ചിത്രങ്ങൾ വാങ്ങിയത് മറ്റ് മതസ്ഥർ അല്ല. സനാതനികൾ തന്നെയാണ്. എടുക്കുന്ന തൊഴിലിനോടും ചേർത്തു നിർത്തുന്ന കൈകളോടും അല്പ്പം ബഹുമാനം ആവാം. മതം, ജാതി, ആരാധനാ മൂർത്തികൾ, ആരാധനാലയങ്ങൾ തുടങ്ങിയ വളരെ സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോ തീർച്ചയായും ജാഗ്രത കാട്ടണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. കേക്കിൽ ഒരു പക്ഷേ മുട്ട ഇല്ലായിരിക്കാം. പക്ഷേ എന്തിനാണ് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്? അറിവില്ലായ്മ എന്നാണ് ഉത്തരം എങ്കിൽ അറിവില്ലാത്തത് ചെയ്യാതെ ഇരിക്കുക.

നിങ്ങൾ ഭക്തയാണോ അല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല. അതളക്കാനുള്ള അളവുകോൽ നിങ്ങളുടെ ഉള്ളിൽ ആണ് വേണ്ടത്.
അതളന്നത് കൊണ്ട് മറ്റൊരാൾക്ക് യാതൊന്നുമില്ല. പിന്നെ സോഷ്യൽ മീഡിയയും റീൽസും അല്ല ജീവിതം. അതാണ് എന്നു തെറ്റിദ്ധരിച്ചു കോപ്രായങ്ങൾ കാട്ടുന്നതാണ് നിങ്ങൾക്കും നിങ്ങളെപ്പോലെ ഉള്ളവർക്കും ഉള്ള ഏറ്റവും വലിയ പ്രശ്നം.
ഇപ്പൊ നിങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി നിങ്ങൾ തന്നെയാണ്. ഒന്നും ആരും വരുത്തിയതല്ല.സർവ്വതിനെയും മറികടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. കൂടുതൽ ചിത്രങ്ങൾ വരയ്ക്കൂ, കുഴലൂത്തും കോമാളിക്കളിയും തല്ലുണ്ടാക്കാനുമുള്ള വേദിയായി ദയവായി ഗുരുവായൂർ അമ്പല പരിസരത്തെ കാണാതെ ഇരിക്കൂ. പിന്നെ ഹൈന്ദവർ വിളക്ക് വയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലം എന്നു ആർക്കും പറയാൻ കഴിയില്ല, കാരണം അത് കാലാതീതം ആണ്.
നിങ്ങൾക്ക് നന്മ വരട്ടെ ശ്രീമതി ജസ്‌ന സലിം.
ലക്ഷ്മി പ്രിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button